കവെൻട്രി: കരിപ്പായയില്‍ മുട്ടുകുത്തി കൊന്തചെല്ലാത്ത കത്തോലിക്ക കുടുംബങ്ങള്‍ ഇന്നും അപൂര്‍വമായിരിക്കും കേരളത്തിൽ… പ്രത്യേകിച്ച് പ്രവാസജീവിതത്തിൽ. ടി.വി., മൊബൈല്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ഭക്തിയും അതിനോടു ചേര്‍ന്ന ചടങ്ങുകളും തന്നെയായിരുന്നു വിനോദ ഉപാധിയും ആശയ വിനിമയവേദിയും. വിടുകളിലെ കൊന്ത എത്തിക്കല്‍ അപ്രകാരം ഒരു കൂടിച്ചേരല്‍ കൂടിയായിരുന്നു. കാര്‍ഷിക സംസ്‌കാരത്തില്‍ ജീവിച്ച നാം സന്ധ്യയായാല്‍ വീടുകളില്‍ എത്തിച്ചേരുക സ്വാഭാവികമായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും കൂടിയിരുന്ന് ചൊല്ലിയിരുന്ന പ്രാർത്ഥന.

വളര്‍ച്ചയെത്തിയ രണ്ടു മനുഷ്യരില്‍ നിന്നാണ് (ആദവും ഹവ്വയും) പഴയ ലോകം, പഴയ നിയമം ഉണ്ടായതെങ്കില്‍ ഒരു അമ്മയും കുഞ്ഞും കൂടിയാണ് പുതിയ ലോകത്തെ, പുതിയ നിയമത്തെ നിര്‍മ്മിച്ചത്. പുതിയ നിയമം പണിയപ്പെട്ടത് അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹവാത്സല്യ ബന്ധത്തിലാണ്. പൊക്കിള്‍കൊടി ബന്ധത്തിലാണ്. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന് എന്ന യാഥാര്‍ത്ഥ്യമാണത്. കൊന്ത ഒരു പൊക്കിള്‍ക്കൊടിയാണ്. മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ജൈവഘടകം. അതുകൊണ്ടാണ് അത് കയ്യിലെടുക്കുന്നവരൊക്കെ തങ്ങള്‍ ഒറ്റക്കല്ല; അമ്മയോടൊപ്പമാണ്, ദൈവത്തോടൊപ്പമാണ് എന്ന് ധൈര്യപ്പെടുന്നത്. വെറും ഒരു അനുഷ്ഠാനം പോലെ കൊന്ത ഉരുവിടുമ്പോള്‍ പോലും ആ ലുത്തിനിയ നമ്മെ മറ്റൊരാളാക്കി മാറ്റുന്നുണ്ട്. ധൈര്യപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ കവിതയാണ് മറിയത്തെക്കുറിച്ചുള്ള ലുത്തിനിയ എന്ന് തിരിച്ചറിയുക.

നാടും വീടും വിട്ട് പ്രവാസിയാകുമ്പോൾ പലതും അന്യമാകുക സർവ്വസാധാരണമാണ്. എന്നാൽ എന്റെ കുട്ടികൾ എല്ലാവരും വിശ്വാസമുള്ളവരായിരിക്കണം എന്ന ഒരു തീരുമാനത്തിലാണ് നമ്മൾ പ്രവാസികൾ. എല്ലാ തിരക്കുകൾക്കിടയിലും യൂണിറ്റ് തലത്തിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിൽ നാം സമയം കണ്ടെത്തുന്നു. കാരണം ഇന്നേക്കല്ല മറിച്ചു നാളേക്കുള്ള നമ്മുടെ കുട്ടികളെ കുറിച്ചുള്ള കരുതൽ ആണ് ഈ പ്രാർത്ഥനകൾ.  ആ കരുതൽ ആണ് ഈ വർഷത്തെ ഒക്റ്റോബർ കൊന്തമാസാചരണത്തോടെപ്പം ഹാല്ലോവീനെ ഹേളീവിനാക്കി സെന്റ് അൽഫോൻസാ യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്ന് ഒരു ആഘോഷമാക്കി യുണിറ്റ് പ്രസിഡന്റ് ശ്രീ സാജു പള്ളിപ്പാടന്റെ ഭവനത്തിൽ വച്ച് ആഘോഷിച്ചത്.

കുട്ടികൾ എല്ലാവരും വെള്ള ഉടുപ്പ് ധരിച്ചും ചിലർ മാലാഖാമാരായും, മറ്റുചിലർ മാതാവായും, ഔസേപ്പിതാവായും വേഷം ധരിച്ചാണ് ഹോളിവീൻ ആഘോഷത്തിനെത്തിയത്. മാസാവസാന കൊന്തക്ക് ശേഷം കുട്ടികൾക്ക് ഹാലോവിന്റെ ചരിത്രത്തെകുറിച്ചും ഹാലോവീൻ ഹോളീവിനാക്കി മാറ്റി  ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് സെന്റ് അൽഫോൻസാ യുണിറ്റിന്റെ മുൻ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യു കുട്ടികൾക്ക് ക്ളാസ്സ് എടുത്തു.

ആഘോഷങ്ങൾക്ക് ശേഷം എല്ലാവരും സ്നേഹവിരുന്നിൽ പങ്കെടുക്കുകയും മധുരം പങ്ക് വച്ചും  ആണ് പിരിഞ്ഞത്.