ലണ്ടന്‍: ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ജി.പി എന്‍.എച്ച്.എസ് നിര്‍ദേശം അവഗണിച്ചതാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ തടയാന്‍ കഴിയാത്തതിന് പിന്നിലെന്ന് സൂചന. 20കാരിയായ നടാഷ അബ്രഹാര്‍ട്ട് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് ആത്മഹത്യ ചെയ്യുന്നത്. മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്ന നടാഷ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചില പ്രശ്‌നങ്ങള്‍ കാരണം താന്‍ പുറത്താക്കപ്പെടുമോയെന്ന് നടാഷ ഭയപ്പെട്ടിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് നടാഷയുടെ മാതാപിതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ആരംഭിച്ചതിന് ശേഷം നടാഷ യൂണിവേഴ്‌സിറ്റി ജി.പി ഡോ. എമ്മ വെബിനെ കാണാനെത്തിയിരുന്നു.
അടിയന്തരമായി ബുക്ക് ചെയ്ത് കണ്‍സള്‍ട്ടേഷനെത്തിയ നടാഷയെ രണ്ട് തവണ താന്‍ പരിശോധിച്ചിരുന്നുവെന്നും ഡോ. വെബ് പറയുന്നു. മരിക്കുന്നതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് നടാഷ് ഡോ. വെബിനെ കാണാനെത്തിയിരുന്നു. ഇക്കാര്യം ഡോ. വെബ് കോടതിയല്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30നും സമാന പ്രശ്‌നങ്ങളുമായി ഡോ. വെബിനെ കാണാന്‍ വിദ്യാര്‍ത്ഥിനി എത്തിയിരുന്നു. മാര്‍ച്ച് 30ന് പരിശോധനയ്ക്ക് എത്തിയ സമയത്ത് ഡിപ്രഷന്‍ കുറയ്ക്കാനുള്ള മരുന്നാണ് ഡോ. വെബ് നടാഷയ്ക്ക് നല്‍കിയിരുന്നത്. രണ്ടാഴ്ച്ചക്ക് ശേഷം തിരികെ വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും നിര്‍ദേശം നല്‍കി. എന്നാല്‍ നടാഷയെപ്പോലുള്ള ഗൗരവമേറിയ കേസുകള്‍ ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കണമെന്നാണ് എന്‍.എച്ച്.എസ് നിയമം. ഇത് ഡോ. വെബ് പാലിച്ചില്ല. ഒരുപക്ഷേ കേസിന്റെ ഗൗരവം മനസിലാക്കാന്‍ ഒരാഴ്ച്ചയ്ക്ക് ശേഷം സാധിക്കുമായിരുന്നു.
അതേസമയം താന്‍ സാധാരണയായി രണ്ടാഴ്ച്ചയാണ് ഡിപ്രഷന്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാറുള്ളതെന്ന് ഡോ. വെബ് കോടതിയില്‍ അറിയിച്ചു. നടാഷയുമായി കാര്യങ്ങള്‍ സംവദിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും ഡോ. വെബ് കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 12 ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. ഇതില്‍ 8 പേരുടെ മരണം ആത്മഹത്യയാണ്. നടാഷയുടേത് ഉള്‍പ്പെടെ 2 മരണങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നടക്കുകയാണ്. ആത്മഹത്യാ പ്രവണതയുള്ള രോഗികളെ കൃത്യമായി ജി.പിക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും കോടതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Leave a Reply