നാവില്‍ കൊതിയൂറുന്ന ഏഴു വിഭവങ്ങളാണ് ഇത്തവണത്തെ വീക്കെണ്ട് കുക്കിംഗില്‍ പരിചയപ്പെടുത്തുന്നത്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എന്നാല്‍ രുചിയുടെ കാര്യത്തില്‍ പകരം വെയ്ക്കാനില്ലാത്തതുമായ ഈ വിഭവങ്ങള്‍ പരീക്ഷിച്ചാവട്ടെ നിങ്ങളുടെ ഇക്കൊല്ലത്തെ ഈസ്റ്റര്‍.

വെള്ളയപ്പം/കള്ളപ്പം

kallappam-new

ചേരുവകള്‍

പച്ചരി കാല്‍ കിലോ
തേങ്ങാ 1 എണ്ണം
യീസ്റ്റ് ഒരു നുള്ള്
പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചോറ് 3 – 4 ടേബിള്‍ സ്പൂണ്‍
ഒന്നോ രണ്ടോ കുഞ്ഞുള്ളി, ഒരു നുള്ള് ജീരകം ഇത് അരയ്ക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം.
തേങ്ങാ തിരുമ്മിയത് അരമുറി (രാവിലെ അരച്ച് ചേര്‍ക്കാന്‍)

പാകം ചെയ്യുന്ന വിധം

പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക. കുതിര്‍ത്തതിനു ശേഷം അരി കഴുകി വാരി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ ഒരു കപ്പ് തേങ്ങയും, ചോറും യീസ്റ്റും കൂടി അരയ്ക്കണം. കൂടെ ഒരു കുഞ്ഞുള്ളിയും ഒരു നുള്ള് ജീരകം കൂടി അരച്ച് ചേര്‍ക്കാം. അരി അരച്ചത് പൊങ്ങുവാന് വേണ്ടി ഏറ്റവും കുറഞ്ഞത് 8 മണിക്കൂര്‍ വയ്ക്കണം. അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അരമുറി തേങ്ങാ തിരുമ്മിയത് അരച്ച് ചേര്‍ക്കണം. തേങ്ങ അരയ്ക്കുമ്പോള്‍ നേര്‍മ്മയായി അരയേണ്ട ആവശ്യം ഇല്ല. ഇനി പാകത്തിന് ്ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഇങ്ങനെ ഉണ്ടാക്കിയാല്‍ രുചിയും മയവും കിട്ടും.

മട്ടണ്‍ സ്റ്റ്യൂ

muttaon

ചേരുവകള്‍

മട്ടണ്‍ ഒരു കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
ഉരുളക്കിഴങ്ങ് രണ്ടെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്
കാരറ്റ് ഒരെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്)
സവാള രണ്ടെണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് അഞ്ചെണ്ണം
കറുവപ്പട്ട രണ്ടു ചെറിയ കഷണം
ഏലക്കാ 4, 5 എണ്ണം
ഗ്രാമ്പൂ 4 എണ്ണം
കുരുമുളക് (പൊടിക്കാത്തത്) ഒരു ടീസ്പൂണ്‍
പെരുംജീരകം ഒരു നുള്ള്
കട്ടിയുള്ള തേങ്ങാപ്പാല്‍ ഒരു കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ മൂന്നു കപ്പ്
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ട് തണ്ട്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, പെരുംജീരകം എന്നിവ നന്നായി വഴറ്റുക. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്‍ത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് മട്ടണ്‍ കഷണങ്ങള്‍ കൂടി ചേര്‍ത്തിളക്കി കട്ടി കുറഞ്ഞ തേങ്ങാപ്പാലില്‍ വേവിയ്ക്കുക. ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തു വീണ്ടും വേവിയ്ക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ കട്ടികൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കുക. ഈ തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക. നല്ല രുചികരമായ മട്ടണ്‍ സ്റ്റൂ തയ്യാര്‍.

അച്ചായന്‍സ് കോഴിക്കറി

chicken

മധ്യതിരുവിതാംകൂര്‍ കത്തോലിക്കരുടെ ആഘോഷങ്ങളിലെ ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറി ആണിത്. അതു കൊണ്ടാണ് അച്ചായന്‍ ചിക്കന്‍ കറി എന്ന് പേരു വീണത്. മധ്യതിരുവിതാംകൂറിലെ മിക്കവാറും എല്ലാ റെസ്റ്റോറന്റുകളുടെ മെനുവിലും അച്ചായന്‍ ചിക്കന്‍ കറി ഉണ്ടായിരിക്കും. വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് പെട്ടെന്ന് തയ്യറാക്കാവുന്ന ഒരു ഡിഷ് ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചിക്കന്‍ 1 കിലോ
ഇഞ്ചി 50 ഗ്രാം
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് 4 എണ്ണം
പെരുംജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 1 കപ്പ്
ക്രഷ്ഡ് പെപ്പര്‍ 20 ഗ്രാം
ഓയില്‍ ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഇനി ഒരു മിക്‌സിയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചിക്കന്‍, അരപ്പ്, എന്നിവ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. ഏകദേശം പകുതി വെന്തു കഴിഞ്ഞാല്‍ തീ കുറച്ചു വെച്ച ്‌തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് ക്രഷ്ഡ് പെപ്പര്‍ ചേര്‍ത്ത് വീണ്ടും അടച്ചുവെച്ച് ചാര്‍കുറുകുന്നതു വരെ വേവിയ്ക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി അടര്‍ത്തിയിട്ട് ഇളക്കുക. അച്ചായന്‍സ് ചിക്കന്‍ കറി തയ്യാര്‍.

‘ബീഫ് നസ്രാണി’

beef

ബീഫ് ഇല്ലാതെ എന്ത് ഈസ്റ്റര്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍

ചേരുവകള്‍

ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍
മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി : അര ടേബിള്‍ സ്പൂണ്‍
സവാള : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : രണ്ടു സ്പൂണ്‍
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
കറിവേപ്പില : രണ്ടു പിടി
തേങ്ങാ കഷ്ണങ്ങള്‍ : കാല് കപ്പ്
വെളിച്ചെണ്ണ : എട്ടു സ്പൂണ്‍
കറുവാപ്പട്ട : രണ്ടു കഷ്ണം
ജാതിപത്രി : ഒരു കഷ്ണം
ഗ്രാമ്പൂ : നാലെണ്ണം
മഞ്ഞള്‍ പൊടി : അര സ്പൂണ്‍
പെരുംജീരകം പൊടിച്ചത് : ഒരു സ്പൂണ്‍
ഗരം മസാല : രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് : രണ്ടു സ്പൂണ്‍
ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

ബീഫില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, മുളകുപൊടി എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ചശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
ഓയില്‍ ചൂടാക്കി വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേയ്ക്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക.
ഇതിലേയ്ക്ക് മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി, ഗരംമസാല, കുരുമുളക്‌പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനുപ്പും അരഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മൊരിയുന്നതു വരെ വേവിക്കുക. ഇതില്‍ കാല്‍ സ്പൂണ്‍ നെയ്യും കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികിട്ടും.

ക്യാരറ്റ് പീസ് പുലാവ്

pulav

ചേരുവകള്‍

ബസുമതിറൈസ് 2 കപ്പ്
നെയ്യ് 25 ഗ്രാം
സവാള 1 എണ്ണം സ്ലൈസ് ചെയ്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
കാരറ്റ് 3 എണ്ണം കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് (juliennse)
ഗ്രീന്‍പീസ് അര കപ്പ്

പാകം ചെയ്യുന്ന വിധം

അരി ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചൂറ്റി വയ്ക്കുക. നെയ്യ് ചൂടാക്കി സബോള, ഇഞ്ചിവെളുത്തുള്ളിപേസ്റ്റ് എന്നിവ വഴറ്റിയ ശേഷം ക്യാരറ്റ്, ഗ്രീന്‍പീസ് ചേര്‍ത്ത് കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി കഴിയുമ്പോള്‍ വേവിച്ചുവച്ച ചോറ് ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക

പാസ്ത മാര്‍മലെയ്ഡ് സലാഡ്

pasta

അല്‍പം വ്യത്യസ്തവും എന്നാല്‍ സിമ്പിളും അയ ഒരു സലാഡ്.

ചേരുവകള്‍

പാസ്ത 150 ഗ്രാം
നല്ല കട്ടിയുള്ള തൈര് 250 ml
മാര്‍മലെയ്ഡ് 4 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് ചതച്ചത്, ക്യാപ്‌സിക്കം അരിഞ്ഞത് ഗാര്‍നിഷിന്

പാകം ചെയ്യുന്ന വിധം

പാസ്ത ഉപ്പിട്ട വെള്ളത്തില്‍ കുക്ക് ചെയ്ത് ഊറ്റി വയ്ക്കുക. തൈരും മാര്‍മലെയ്ഡും മിക്‌സ് ചെയ്ത് അതിലേയ്ക്ക് പാസ്ത ചേര്‍ത്തിളക്കി ഉപ്പ് പാകത്തിനാക്കുക. വറ്റല്‍മുളക് ചതച്ചത്, ക്യാപ്‌സിക്കം അരിഞ്ഞത് വച്ച് ഗാര്‍നിഷ് ചെയ്യുക.

ആപ്പിള്‍ ബ്രഡ് പുഡിംഗ്

apple

ചേരുവകള്‍

മുട്ട 3 എണ്ണം
മില്‍ക്ക് 1 കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്ക് 150 ml
ഷുഗര്‍ 50 ഗ്രാം
ഉപ്പില്ലാത്ത ബട്ടര്‍ 75 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ബ്രഡ് 1 എണ്ണം (500 ഗ്രാം) സൈഡ് കളഞ്ഞു ചെറിയ ചതുര കഷണങ്ങള്‍ ആക്കിയത്
ആപ്പിള്‍ 2 എണ്ണം തൊലികളഞ്ഞു ചതുര കഷണങ്ങള്‍ ആക്കിയത്
ചോക്ലേറ്റ് ചിപ്‌സ് 50 ഗ്രാം

പാകം ചെയ്യുന്ന വിധം

മുട്ട നന്നായി അടിച്ച ശേഷം പാലും ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇതിലേയ്ക്ക് കണ്ടെന്‍സ്ഡ് മില്‍ക്ക്, ഷുഗര്‍, ഉപ്പില്ലാത്ത ബട്ടര്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബ്രഡും, ചോക്ലേറ്റ് ചിപ്‌സ്, ആപ്പിളും ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്ത് ഗ്രീസ് ചെയ്ത ഒരു റെമിക്കിന്‍ ബൗള്‍/ ബേക്കിംഗ് ട്രേയിലേയ്ക്ക് മാറ്റി 200 ഡിഗ്രി ചൂടില്‍ നന്നായി സെറ്റ് ആകുന്നതു വരെ ബേക്ക് ചെയ്ത് എടുക്കുക. ചൂടോടെയോ തണുപ്പിച്ചോ ക്രീമോ ഐസ്‌ക്രീമോ ചേര്‍ത്ത് വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക