ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- രാത്രികാല പോലീസ് പെട്രോളിങ് സേവനത്തിന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി പണം മുടക്കുന്നു. വിദ്യാർത്ഥികളെ കുറിച്ചുള്ള വർഷങ്ങൾ നീണ്ട പരാതികളെ തുടർന്നാണ് ഇത്തരമൊരു നീക്കം. രാത്രികാലങ്ങളിൽ ഉച്ചത്തിലുള്ള പാർട്ടികൾ നടത്തുന്നതായും, അയൽവാസികൾക്ക് ശല്യം ഉണ്ടാക്കുന്നതായും ഒട്ടേറെ പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി സാധാരണയായി യൂണിവേഴ്സിറ്റികൾ പോലീസ് സേവനം ഉപയോഗിക്കാറുണ്ടെങ്കിലും, ആദ്യമായാണ് ക്യാമ്പസിന് ചുറ്റുമുള്ള താമസക്കാർക്ക് വിദ്യാർത്ഥികളിൽ നിന്നുള്ള സുരക്ഷയ്ക്ക് ഒരു യൂണിവേഴ്സിറ്റി പോലീസ് സേവനം ഉപയോഗിക്കുന്നത്.
ഓപ്പറേഷൻ ബീച്ച് എന്ന് പേരിട്ടിരിക്കുന്ന ഉദ്യമത്തിൽ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 2 മണി വരെയുള്ള പെട്രോളിങ് ഉൾപ്പെടും. അതോടൊപ്പം തന്നെ പരിസരവാസികൾക്ക് അവരുടെ പരാതികൾ അറിയിക്കുവാനായി കംപ്ലയിന്റ് നമ്പരും പോലീസ് ലഭ്യമാക്കിയിട്ടുണ്ട്. 25000 പൗണ്ടാണ് എവൺ, സോമർസെറ്റ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതെന്ന് യൂണിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നതായി സ്ഥലവാസികൾ നൽകിയ പരാതികളെ തുടർന്നാണ് പെട്രോളിങ് ഏർപെടുത്തിയതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
യൂണിവേഴ്സിറ്റിക്കെതിരെ ധാരാളം പരാതികൾ ജനങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. പ്രധാനമായും ക്യാമ്പസിന്റെ വടക്ക് ഭാഗത്തുള്ള റെഡ്‌ലാൻഡ് പോലുള്ള ഡിസ്ട്രിക്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി വീടുകൾ എടുത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ യൂണിവേഴ്സിറ്റിക്ക് ആയിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. അഞ്ചു വർഷത്തോളമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് സ്ഥലവാസിയായ ആൻഡ്രൂ വാലർ രേഖപ്പെടുത്തി. രാത്രിയായാൽ വലിയ ഉച്ചത്തിൽ പാട്ടുകൾ ഇട്ടു പാർട്ടികൾ നടത്തുന്നതാണ് വിദ്യാർത്ഥികളുടെ ശീലം എന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2002- ൽ പതിനായിരത്തിൽ താഴെ ഡിഗ്രി വിദ്യാർത്ഥികൾ ഉണ്ടായിരുന്നതിൽ നിന്ന് , ഇപ്പോൾ ഏകദേശം ഇരുപതിനായിരത്തോളം ഡിഗ്രി വിദ്യാർത്ഥികളും, നാലായിരത്തോളം പി ജി വിദ്യാർത്ഥികളും ഉണ്ട് എല്ലാ വിദ്യാർഥികൾക്കും കൂടിയുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ യൂണിവേഴ്സിറ്റിയിൽ ലഭ്യമല്ല. ഇത്തരം പരാതികൾക്ക് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Leave a Reply