സഫി റോസ് റൂസോസ്, സുന്ദരിയായ ഒരു എട്ടുവയസുകാരി. ബ്രിട്ടന്റെ ദുഃഖമാണ് അവളിപ്പോള്‍. തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ സഫിയും ഉണ്ടായിരുന്നു. അമ്മ ലിസ റൂസോയ്ക്കും 20കാരിയായ ചേച്ചി ആഷ്‌ലി ബ്രോംവിക്കിനുമൊപ്പമാണ് അരിയാന ഗ്രാന്‍ഡെയുടെ പോപ്പ് സംഗീതനിശ കാണാന്‍ സഫി പോയത്. തിരിച്ചുവരാത്തവരുടെ കൂട്ടത്തില്‍ ആ കുഞ്ഞുപെണ്‍കുട്ടിയും ഉള്‍പ്പെട്ടെന്ന വാര്‍ത്ത വിശ്വസിക്കാനാവാത്ത ഒന്നായാണ് പലരും കേള്‍ക്കുന്നത്.

‘അവള്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥിയായിരുന്നു. സുന്ദരിയായ ഒരു കൊച്ചുമിടുക്കി. എല്ലാ അര്‍ത്ഥത്തിലും’, ടാര്‍ലെറ്റന്‍ കമ്യൂണിറ്റി പ്രൈമറി സ്‌കൂളിന്റെ പ്രധാന അധ്യാപകനായ ക്രിസ് അപ്ടണ്‍ സാഫിയെ ഓര്‍ക്കുന്നു. ‘അവളുടെ ഉത്സാഹം നിറഞ്ഞ പെരുമാറ്റവും മറ്റുള്ളവരോട് കാണിക്കുന്ന സഹാനുഭൂതിയും കൊണ്ട് എല്ലാവരുടെയും സ്‌നേഹം സാഫി പിടിച്ചു പറ്റിയിരുന്നു. അവളുടെ ഓര്‍മകള്‍ ഞങ്ങളില്‍ ഒഴുകി കൊണ്ടേയിരിക്കും’- ക്രിസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഫിയുടെ മരണവാര്‍ത്ത സ്‌കൂളിനെ മൊത്തത്തില്‍ നടുക്കിയിരിക്കുകയാണ്. എത്ര സന്തോഷത്തോടെയായിരിക്കും അവള്‍ അന്നു പരിപാടി കാണാന്‍ പോയത്, പക്ഷേ തിരിച്ചു വന്നില്ലെന്നു പറഞ്ഞാല്‍, അതെത്ര ഹൃദയഭേദകമാണ്. സാഫിയുടെ മരണം വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ കൗണ്‍സിലിംഗ് സഹായം തേടിയിരിക്കുകയാണ് എന്നും ക്രിസ് പറയുന്നു.

സഫിയുടേതടക്കം കൊല്ലപ്പെട്ടവരില്‍ ചിലരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇന്നു പുറത്തു വിട്ടിരുന്നു. 18 കാരിയായ ജോര്‍ജിയാന കളാണ്ടര്‍, 26 കാരനായ ജോണ്‍ ആറ്റ്കിന്‍സണ്‍ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ സഫിയുടെ അമ്മയും സഹോദരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. 59 പേരാണ് പരിക്കുകളോടെ ആശുപത്രിയല്‍ ചികിത്സയിലുള്ളത്. എട്ട് ആശുപത്രികളിലായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ ആശുപത്രിയില്‍ 12 പേര്‍ ചികിത്സയിലുണ്ടെന്നാണു വിവരം. സ്‌ഫോടനത്തില്‍ ചാവേറായ സല്‍മാന്‍ അബേദിയെന്ന 23 കാരന്‍ ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.