ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതിനെ തുടർന്ന് അടുത്ത രണ്ടു വർഷങ്ങളിൽ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരുടെ കമ്മിറ്റിയുടെ മുൻപിൽ എത്തിയിരിക്കുകയാണ്. നിരക്കുകൾ ഉയർന്നതിനെ തുടർന്ന് “ബൈ -ടു -ലെറ്റ് ” പ്രോപ്പർട്ടികൾ വാങ്ങുവാൻ ഭൂവുടമകൾ വിമുഖത കാണിക്കുമെന്നും ഇത് വാടകയ്ക്ക് ലഭ്യമാകുന്ന ഭവനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കുമെന്നും ജോൺ ചാർകോളിലെ മോർട്ട്ഗേജ് ബ്രോക്കറായ റേ ബൗൾജർ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കി. ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ആണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചാൻസിലർ ക്വാസി ക്വാർട്ടെങിന്റെ മിനി ബഡ്ജറ്റ് വരാനിരിക്കെ, നിലവിലെ വിപണിയുടെ സ്ഥിതി അവലോകനം ചെയ്യുവാനാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഈ വർഷത്തിൽ ഉടനീളം ഫിക്സഡ് – റേറ്റ് മോർട്ട്ഗേജുകളുടെ റേറ്റുകൾ ക്രമാതീതമായി ഉയർന്നിരുന്നു. ബാക്കിയുള്ള വിപണികളേക്കാൾ ബൈ – ടു – ലെറ്റ് സെക്ടറിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എംപിമാരുടെ കമ്മിറ്റിക്ക് മുൻപിൽ എത്തിയത്.


പലയിടങ്ങളിലും വസ്തുവിന്റെ 50 മുതൽ 60 ശതമാനം വരെ മോർട്ട്ഗേജ് സുരക്ഷിതമാക്കാൻ ഭൂവുടമകൾക്ക് ചില പ്രദേശങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബൌൾജർ വ്യക്തമാക്കി. ഇത് ചില ഭൂഉടമകളെ വസ്തു വിൽക്കുന്ന തീരുമാനത്തിലെത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം, നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി യുകെയിലെ വീടുകളുടെ വില ഒക്ടോബറിൽ 0.9% കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു. 15 മാസത്തെ ആദ്യത്തെ പ്രതിമാസ ഇടിവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപിക്കാൻ ഇരിക്കുന്ന മിനി ബഡ്ജറ്റ് ജനങ്ങൾ പ്രതീക്ഷയോടെയാണ് നോക്കുന്നത്.