ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡെർബി : ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കില്ലമാർഷ് ചന്ദോസ് ക്രസന്റിലെ വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. സംഭവം കൊലപാതകം ആണെന്നും ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ഒരു വ്യക്തിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിലുള്ളവരെ കാണാത്തതിനാൽ സംശയം തോന്നിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. നാടിനെ നടുക്കിയ കൊലപാതകം നടന്നതോടെ പ്രദേശവാസികളെ ആശ്വസിപ്പിക്കാൻ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെ സംശയാസ്പദമായി എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തവർ ഉടൻ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും വിവരങ്ങൾ എത്ര ചെറുതാണെങ്കിലും പോലീസിൽ അറിയിക്കാൻ തയ്യാറാകണമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ റോബ് റൂട്ട്‌ലെഡ്ജ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളുമായി പോലീസ് സംസാരിച്ചു വരികയാണ്. വളരെ ദാരുണമായ സംഭവം ആണ് നടന്നതെന്ന് നോർത്ത് ഈസ്റ്റ് ഡെർബിഷയർ എംപി ലീ റൗലി പറഞ്ഞു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.