ന്യൂസ് ഡെസ്ക് മലയാളം യുകെ
ഭാവിയിൽ വാക്സിൻ ലഭ്യതയുടെ കുറവുമൂലം പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ രാജ്യം ആരംഭിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വാക്സിൻ നിർമ്മാണത്തിൽ സ്വയം പര്യാപ്തമാകാനുള്ള നീക്കങ്ങൾ തുടങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇതിൻറെ ഭാഗമായി 60 ദശലക്ഷം നോവാവാക്സ് ബ്രിട്ടനിൽ തന്നെ നിർമ്മിക്കാനുള്ള കരാറിനാണ് ധാരണയായിരിക്കുന്നത്. കൊറോണ വൈറസിനെതിരെ 96% സംരക്ഷണമാണ് നോവാവാക്സ് നൽകുന്നത്. എന്നാൽ കെന്റ് വേരിയന്റിനെതിരെ 86% ഫലപ്രദമാണെന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നിശ്ചിത ഇടവേളകളിൽ വാക്സിൻ വിതരണം തുടർച്ചയായി ചെയ്യേണ്ടതായി വരുന്നതിനാൽ വാക്സിൻ നിർമാണത്തിലെ മുതൽമുടക്ക് ഭാവിയിലേക്കുള്ള മുതൽക്കൂട്ടായാണ് രാഷ്ട്രീയനേതൃത്വം വിലയിരുത്തുന്നത്.
വാക്സിൻ വിതരണത്തിലും രോഗനിയന്ത്രണത്തിനും ബ്രിട്ടൻ കൈവരിച്ച നേട്ടം പ്രശംസനീയമായിരുന്നു. ലക്‌ഷ്യം വച്ചിരുന്ന സമയത്തുതന്നെ മുൻഗണനാക്രമത്തിലുള്ള വിഭാഗത്തിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ രാജ്യത്തിനായി. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ മുന്നോട്ടുള്ള കുതിപ്പിനെ താളം തെറ്റിക്കുന്ന വാക്സിൻ ലഭ്യതയുടെ കുറവിനെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. വാക്സിൻ കയറ്റുമതി സംബന്ധിച്ച് യൂറോപ്യൻ യൂണിയനും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ സമയബന്ധിതമായി പ്രതിരോധകുത്തിവെയ്പ്പ് പൂർത്തീകരിക്കാനുള്ള ബ്രിട്ടൻെറ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളെ തുരങ്കം വെയ്ക്കുന്നതായിരുന്നു.
Leave a Reply