ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡ് വ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയായിരുന്നു ബ്രിട്ടൻ. പല യൂറോപ്യൻ രാജ്യങ്ങളും രണ്ടാം തരംഗത്തിൽ തകർന്നടിഞ്ഞപ്പോൾ ചിട്ടയായ രോഗനിയന്ത്രണ മാർഗ്ഗങ്ങളിലൂടെ ഏറ്റവും കുറവ് രോഗബാധയും മരണനിരക്കും രേഖപ്പെടുത്തിയ രാജ്യമായിരുന്നു ബ്രിട്ടൻ. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. നിലവിൽ സ്പെയിനിനെ മറികടന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമായി യുകെ മാറി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദമാണ് യുകെയുടെ രോഗവ്യാപന നിരക്ക് ഉയരാൻ കാരണമായത്.

ഇതിനിടെ രാജ്യത്തെ കെയർ ഹോം ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 16 ആഴ്ചകൾക്കുള്ളിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കെയർ ഹോം ജീവനക്കാരുടെ ജോലി നഷ്ടപ്പെടും. മാധ്യമങ്ങളിൽ ഈ വാർത്ത വന്നെങ്കിലും ഔദ്യോഗികമായി സർക്കാർ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. ഏതാനും ദിവസത്തിനുള്ളിൽ ഈ വിഷയത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പുകൾ നിർബന്ധിതമാക്കുന്നത് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടുന്ന കെയർ ഹോം മേഖലയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.