ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാൾസ് രാജാവിൻെറ കിരീട ധാരണ ചടങ്ങിൻെറ അവസാനഘട്ട തയാറെടുപ്പിന് ഒരുങ്ങി ബ്രിട്ടൺ. മെയ് 6-നാണ് ചാൾസ് രാജാവിൻെറ കിരീട ധാരണ ചടങ്ങുകൾ നടക്കുക. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും. ഒരുക്കത്തിൻെറ അവസാനഘട്ടമായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയ ആഭരണങ്ങളും വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ എത്തിച്ചുതുടങ്ങി.

ചാൾസിൻെറ കിരീട ധാരണത്തോടെ കൺസോർട്ട് പദവിയിൽ നിന്ന് രാജ്ഞി പദവിയിലേക്ക് കാമില മാറും. ചടങ്ങിലെ ഏറ്റവും പ്രധാനഭാഗം രാജാവിന്റെ കിരീടധാരണവും ഓക്ക് തടിയിൽ തീർത്ത സിംഹാസനത്തിലെ ആരോഹണവുമാണ്. ഇതിനായി 700 വർഷം പഴക്കം ഉള്ള സിംഹാസനത്തിന്റെ നവീകരണം ബക്കിങ്ഹാം കൊട്ടാരത്തിൽ പുരോഗമിക്കുകയാണ്. സ്ഥാനാരോഹണ സമയത്ത് സിംഹാസനത്തിൽ സ്ഥാപിക്കുന്ന ‘സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനി’ എന്നറിയപ്പെടുന്ന 125 കിലോഗ്രാം ഭാരമുള്ള കല്ല് സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ നിന്നുള്ളതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണ്ണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.

കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക. ചരിത്രത്തിൽ ആദ്യമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിത ബിഷപ്പ് റൈറ്റ് റവ. ഗുലി ഫ്രാൻസിസ് ദെഹ്കാനി സഹകാര്‍മ്മികയാകും. ഇതുവരെ കിരീടധാരണ ചടങ്ങുകളില്‍ 2000 അതിഥികള്‍ക്ക് ബക്കിങ്ഹാം കൊട്ടാരം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.