അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വൈറസ് വ്യാപനത്തിൻെറ തീവ്രത വർദ്ധിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. 2020 ആദ്യം ആരംഭിച്ച കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇത് മൂന്നാം തവണയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇപ്രാവശ്യം സ്കൂളുകൾ പൂർണമായും അടച്ചിടാനും തീരുമാനമായിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗൺ നീളുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻഗണനാക്രമത്തിൽ ആദ്യ നാല് വിഭാഗങ്ങൾക്ക് അടുത്തമാസം പകുതിയോടെ പ്രതിരോധ കുത്തിവെയ്പ്പ് നൽകി തീരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സ്കോട്ട്ലാൻഡിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി പ്രഖ്യാപനം നടത്തിയത് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനാണ്. സ്കോട്ട്ലാൻഡിലെ സ്കൂളുകൾ ജനുവരിയിൽ അടച്ചിടുമെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നത്. ഇതിനിടെ മിക്ക സ്കൂളുകളും മാതാപിതാക്കൾക്ക് സ്കൂൾ അടച്ചിടുന്നത് സംബന്ധിച്ചുള്ള ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു.പലരും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്കിലും കീ വർക്കേഴ്സിൻെറ മക്കൾക്കും ദുർബലരായ കുട്ടികൾക്കും സ്കൂളുകളിൽ ചെല്ലാനുള്ള അവസരമുണ്ട് . പല സ്കൂളുകളും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം കുട്ടികളെ അറിയിച്ചിട്ടുണ്ട് . കീ വർക്കേഴ്സിൻെറ കുട്ടികൾ സ്കൂളിൽ എത്തിച്ചേരുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ സ്കൂളുകളിൽ വരുന്ന കുട്ടികൾക്ക് എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ സംശയമുണ്ട് എന്നുള്ളതാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുട്ടികളെ സ്കൂളുകൾ തുറക്കുകയാണെങ്കിൽ എങ്ങനെ അയക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. പക്ഷേ രോഗവ്യാപനത്തിൻെറ തീവ്രത കൊണ്ട്  എങ്ങനെയും അടുത്ത ദിവസം തന്നെ സ്കൂളുകൾ ഉൾപ്പെടെ അടച്ചിട്ട് ലോക്ക്ഡൗൺ പ്രഖ്യാപനം നടത്തേണ്ട രീതിയിലേയ്ക്ക് രോഗവ്യാപനം കൂടുന്ന അവസ്ഥയാണ് യുകെ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് ഇന്നലെ യുകെയിൽ ആരംഭിച്ചു. ഏറ്റവും കൂടുതൽ ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി രോഗവ്യാപനത്തെ പിടിച്ചുകെട്ടാനാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകരും ഗവൺമെന്റും കിണഞ്ഞ് പരിശ്രമിക്കുന്നത്.