ബ്രിട്ടീഷ് കുട്ടികള്‍ ശരിയായ വിധത്തിലല്ല വളര്‍ത്തപ്പെടുന്നതെന്ന് എന്‍എച്ച്‌സ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ്. കുട്ടികള്‍ക്ക് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നതിനായി മൗലികമായ ചുവടുവെയ്പ്പുകള്‍ സമൂഹം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളെന്നു തന്നെ വിശേഷിപ്പിക്കാവുന്ന കുട്ടികളിലെ അമിത വണ്ണം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ മൂല കാരണം കണ്ടെത്തണമെന്നും എംപിമാരോട് സ്റ്റീവന്‍സ് ആവശ്യപ്പെട്ടു. ഇന്നത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം. സോഷ്യല്‍ മീഡിയ ഉദ്പാദിപ്പിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം ബ്രിട്ടീഷ് യുവത്വത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ മൂലം യുവാക്കളിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്‍എച്ച്എസ് സംവിധാനത്തെ സജ്ജമാക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്ന് ലെവി ഈടാക്കണമെന്ന് നേരത്തേ സ്റ്റീവന്‍സ് ആവശ്യപ്പെട്ടിരുന്നു. സ്തന വലിപ്പം കൂട്ടുന്നതു സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഈ പരസ്യങ്ങള്‍ നിരോധിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഇത് വളരെ ഗുരുതരമായ ഒന്നാണ്. കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ വളര്‍ന്നിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള കണക്കുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഒരു കുട്ടിക്കാലം നല്‍കാതെ മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply