മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. രണ്ട് പ്രധാന നഗരങ്ങളായ ലീഡ്‌സ്, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററായിരിക്കും രോഗം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള അടുത്ത നഗരമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജിപിമാരെ കാണുകയോ എന്‍എച്ച്എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍്കുള്ളില്‍ത്തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം.
മീസില്‍സ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരും ഡോക്ടര്‍മാരെ കാണാന്‍ ശ്രദ്ധിക്കണമെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളതിനാല്‍ യുകെയില്‍ ഈ രോഗം അത്ര സാധാരണമല്ല. എന്നാല്‍ രോഗം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞാല്‍ അത് വളരെ വേഗത്തില്‍ പടരും. ലീഡ്‌സിലും ലിവര്‍പൂളിലും മീസില്‍സ് പൊട്ടിപ്പുറപ്പെട്ടതായി എന്‍എച്ച്എസ് ചോയ്‌സസ് ട്വീറ്റ് പറയുന്നു. ഈ വൈറല്‍ രോഗം വളരെ വേഗം പടരുമെന്നും പല സങ്കീര്‍ണ്ണാവസ്ഥകളും മനുഷ്യരില്‍ സൃഷ്ടിക്കുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം. സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്.
കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
Leave a Reply