ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന് ഡമാസ്കസിലെ സന്ദർശത്തിനിടെ അറിയിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. 14 വർഷത്തിനിടെ ഒരു ബ്രിട്ടീഷ് മന്ത്രി നടത്തുന്ന ആദ്യ സിറിയൻ സന്ദർശനമായിരുന്നു ഇത്. സന്ദർശന വേളയിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, സ്ഥിരതയുള്ളതും സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ സിറിയൻ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ യുകെയുടെ താൽപ്പര്യം ഊന്നി പറയുകയും ചെയ്തു.
അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനും സിറിയയുടെ ദീർഘകാല വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും സിറിയൻ അഭയാർത്ഥികളെ ആതിഥേയത്വം വഹിക്കുന്ന അയൽ രാജ്യങ്ങളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 94.5 മില്യൺ പൗണ്ടിന്റെ മാനുഷിക സഹായ വാഗ്ദാനമാണ് മന്ത്രി തൻെറ സന്ദർശനത്തിൽ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. 13 വർഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ഡിസംബറിൽ ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത സേന പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പടിഞ്ഞാറൻ രാജ്യങ്ങളുടെ സിറിയയോടുള്ള സമീപനം മാറികൊണ്ടിരിക്കുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ്, സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധ പദ്ധതി അവസാനിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സിറിയയുടെ സെൻട്രൽ ബാങ്കിന്റെയും ബാങ്കുകളും എണ്ണക്കമ്പനികളും ഉൾപ്പെടെ 23 മറ്റ് സ്ഥാപനങ്ങളുടെയും ആസ്തികൾ നേരത്തെ മരവിപ്പിച്ചതിൽ നിന്ന് മാറ്റം കൊണ്ടുവന്ന് ബ്രിട്ടൻ ഏപ്രിലിൽ ഉപരോധങ്ങൾ ലഘൂകരിച്ചിരുന്നു. ഭീകരതയെ ചെറുക്കാൻ സിറിയയെ സഹായിക്കുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
Leave a Reply