ന്യൂസ് ഡെസ്ക് മലയാളം യുകെ

7 ലക്ഷത്തിലധികം ഓക്സ്ഫോർഡ് വാക്സിൻ ബ്രിട്ടൻ ആസ്ട്രേലിയയിലേയ്ക്ക് രഹസ്യമായി നൽകി എന്ന വാർത്തകൾ പുറത്തുവന്നു. ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും വാക്സിൻെറ കയറ്റുമതി പ്രശ്നങ്ങൾ കാരണം ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളംതെറ്റുമോ എന്നത് രാജ്യത്ത് ചൂടുപിടിച്ച ചർച്ചയ്ക്ക് വിഷയമായിരുന്നു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം ഉടലെടുത്തേക്കാനുള്ള സാധ്യതകൾ നിലനിൽക്കെ മറ്റൊരു രാജ്യത്തിന് വാക്സിൻ നൽകിയത് വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. യുകെയിൽ ആഭ്യന്തര ഉത്പാദന ശേഷിയുണ്ടെങ്കിലും രാജ്യത്തിലെ പ്രതിരോധകുത്തിവെയ്പ്പ് മുന്നേറുന്നത് ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ്.

എന്നാൽ ആസ്ട്രേലിയയിലേയ്ക്ക് വാക്സിൻ കയറ്റുമതി ചെയ്തത് ഒരിക്കലും യുകെയുടെ പ്രതിരോധ കുത്തിവെയ്പ്പിനെ ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹാളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന രാജ്യങ്ങളിലൊന്നാണ് യുകെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ വിഷയത്തെക്കുറിച്ച് പരസ്യമായി പറയാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ബ്രിട്ടൻ ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ആസ്ട്രേലിയൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബ്രണ്ടൻ മർഫി കഴിഞ്ഞമാസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . പക്ഷേ അത് എങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.