ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യൂറോപ്യൻ യൂണിയൻ കരാർ നിബന്ധനകൾക്ക് വിധേയമായി വ്യാപാരം തുടരാൻ ബ്രിട്ടനും കാനഡയും പരസ്പരം സമ്മതിച്ചു. കാനഡയുമായുള്ള പുതിയ കരാറിനായി ചർച്ചയ്ക്ക് വഴിയൊരുക്കുന്നതായി യുകെ സർക്കാർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന് പുറത്തുള്ള ഒരു ജീവിതം യാഥാർഥ്യമാക്കാൻ വ്യാപാര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ കാനഡയുമായി ഇടക്കാല കരാർ ഒപ്പിട്ടത്. യൂറോപ്യൻ യൂണിയൻ നിബന്ധനകൾക്ക് കീഴിലാണ് ഇരുവരും വ്യാപാരം തുടരുക. ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയുമായി ട്രാൻസ്-അറ്റ്ലാന്റിക് വ്യാപാരം ഉറപ്പാക്കുന്നതാണ് ഈ കരാറെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിപ്രായപ്പെട്ടു. “ഇലക്ട്രിക് കാറുകൾ മുതൽ വീഞ്ഞ് വരെ ബ്രിട്ടൻ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നത്തെ കരാർ ഈ വ്യാപാരം ശക്തിപ്പെടുന്നതിന് സഹായകമാകും.” അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ആദ്യം മുതൽ കാനഡയുമായി പുതിയതും മികച്ചതുമായ ഒരു വാണിജ്യ ഇടപാടിന്റെ പ്രവർത്തനം ആരംഭിക്കാൻ ബ്രിട്ടൻ സമ്മതിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിലും പ്രധാന പങ്കു വഹിക്കും. തുടർച്ചയായുള്ള ഇടപാടിനെ സ്വാഗതം ചെയ്തുകൊണ്ട്, യുകെയുമായുള്ള ഒരു പുതിയ സമഗ്ര വ്യാപാര കരാർ ചർച്ചയ്ക്ക് വർഷങ്ങളെടുക്കുമെന്ന് ട്രൂഡോ നിർദ്ദേശിച്ചു. ഈ കരാറിനെ ഊഷ്മളമായി സ്വാഗതം ചെയ്യുമെന്ന് ബ്രിട്ടീഷ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഡയറക്ടർ ജനറൽ ആദം മാർഷൽ പറഞ്ഞു. എന്നാൽ തുർക്കി, സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന രാജ്യങ്ങളുമായി സമാനമായ ഇടപാടുകൾ അടിയന്തിരമായി ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യൂറോപ്യൻ യൂണിയനുമായി ഒരു കരാറുണ്ടാക്കണമെന്ന തന്റെ ആഗ്രഹം, മാർഷൽ ആവർത്തിക്കുകയുണ്ടായി. കഴിഞ്ഞ മാസം ജപ്പാനുമായി ബ്രിട്ടൻ വ്യാപാര കരാർ ഒപ്പുവെച്ചിരുന്നു. അതിനുശേഷമാണ് ഇന്ന് ഈ വ്യാപാര കരാറിലേക്ക് യുകെ എത്തുന്നത്. ബോറിസ് ജോൺസനും കനേഡിയൻ കൗണ്ടർപാർട്ട് ജസ്റ്റിൻ ട്രൂഡോയും ഇന്ന് ഒരു കരാറിൽ മുദ്രവെച്ചതായി ഡിപ്പാർട്ട്‌മെന്റ് ഫോർ ഇന്റർനാഷണൽ ട്രേഡ് (ഡിഐടി) അറിയിച്ചു. ഭാവിയിലെ ചർച്ചകൾ ‘ഡിജിറ്റൽ വ്യാപാരം, സ്ത്രീ സാമ്പത്തിക ശാക്തീകരണം, പരിസ്ഥിതി’ എന്നിവയിൽ കൂടുതൽ ശക്തിപ്പെടുമെന്ന് മന്ത്രിമാർ കരുതുന്നു.