ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിനെതിരെ മുൻകരുതൽ ശക്തമാക്കിയതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ വൈറസ് യുകെയിൽ കണ്ടെത്തുകയും രോഗബാധിതർ യാത്രയുമായി ഒരു ബന്ധവും ഇല്ലാത്തതിനാൽ ഇതിനെ വളരെ ഗൗരവത്തോടെയാണ് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. ഉടൻതന്നെ 80000 -ത്തോളം ആളുകൾക്ക് ജനിതകമാറ്റം വന്ന വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്താനുള്ള തീരുമാനം ആണ് എടുത്തിരിക്കുന്നത്.
സറി,ലണ്ടൻ, കെന്റ്, ഹെർട്ട്‌ഫോർഡ്ഷയർ, സൗത്ത്പോർട്ട്, വെയിൽസ് എന്നിവിടങ്ങളിലെ 16 വയസ്സിനു മുകളിൽ പ്രായമുള്ളവരെ രോഗലക്ഷണങ്ങൾ കണക്കിലാക്കാതെ പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതിയ വൈറസ് കൂടുതൽ അപകടകാരിയാണ് എന്നതിന് തെളിവുകൾ ഒന്നുമില്ലെങ്കിലും കൂടുതൽ മുൻകരുതലുകൾ എടുക്കുന്നത് ഉചിതമാകും എന്ന് മാറ്റ് ഹാൻകോക്ക് ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു . യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ വിതരണം ചെയ്യുന്ന വാക്‌സിൻ ജനിതക മാറ്റം വന്ന ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിനെതിരെ ഫലപ്രദമാണോ എന്ന കാര്യത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തപ്പെടേണ്ടതായി ഉണ്ട് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
Leave a Reply