ദുബൈയ്: സ്വകാര്യ സ്‌കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 2016 17 വര്‍ഷം പരമാവധി 6.4 ശതമാനം വര്‍ധനയ്ക്കാണ് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി അനുമതി നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നത്.
പ്രവാസികളുടെ ജീവിതചെലവുകള്‍ ദിനംപ്രതി ഉയരുന്ന ദുബൈയില്‍ സ്‌കൂള്‍ ഫീസ് വര്‍ധന മലയാളികളടക്കമുള്ളവര്‍ക്ക് അമിതഭാരമായിരിക്കുകയാണ്. ശമ്പള വര്‍ധന ഉണ്ടാവാതിരിക്കുകയും ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മടങ്ങിപ്പോക്കല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് കുടുംബമായി ദുബൈയില്‍ താമസമാക്കിയവര്‍ പറയുന്നത്.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന 173 സ്വകാര്യ സ്‌കൂളുകളിലും കൂടി മൊത്തം 2,55,208 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. കഴിഞ്ഞ വര്‍ഷം 5.84 ശതമാനം ഫീസാണ് വര്‍ധിപ്പിച്ചത്. അതിനിടെ പുതിയതായി ആരംഭിച്ച സ്‌കൂളുകള്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തെയ്ക്ക് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കില്ലെന്ന് അധികൃതര്‍വ്യക്തമാക്കി.