ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പുരോഗമിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പ്രതിരോധകുത്തിവെയ്പ്പും മൂലം രോഗവ്യാപന തീവ്രത കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ഇതിനിടെ കൊറോണയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിൽ പുതിയ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന ആളുകൾക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ വ്യത്യസ്ത കോവിഡ് വാക്സിനുകൾ നൽകുന്നത് ഫലപ്രദമാണോ എന്നതാണ് പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ടത്. ഇതുവഴി ഏതെങ്കിലും വാക്സിൻെറ ലഭ്യതയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പല നിർമാതാക്കളുടെ വാക്സിനുകൾ കൂടികലർത്തുന്നതിലൂടെ മികച്ച സംരക്ഷണം കിട്ടാനുള്ള സാധ്യതയും ശാസ്ത്രജ്ഞന്മാർ മുന്നിൽ കാണുന്നുണ്ട്. എന്നിരുന്നാലും കുറഞ്ഞത് വേനൽക്കാലം വരെ പ്രതിരോധ കുത്തിവെയ്പ്പുകളുടെ കാര്യത്തിൽ രാജ്യത്ത് നിലവിലുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ കമ്മിറ്റിയുടെ ഔദ്യോഗിക മാർഗനിർദേശ പ്രകാരം രാജ്യത്തിൻറെ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ആദ്യം കൊടുത്ത വാക്സിൻ തന്നെയാണ് രണ്ടാമത്തെ ഡോസ് ആയി നൽകേണ്ടത്. ഈ പഠനങ്ങൾക്കായി ഗവൺമെൻറ് 7 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നതായി പ്രതിരോധ കുത്തിവെയ്പ്പുകളുടെ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു.