ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യൂറോമില്യൻ ലോട്ടറിയുടെ ജാക്ക്പോട്ട് സമ്മാന ജേതാക്കളായ ദമ്പതികൾ തങ്ങൾക്കു ലഭിച്ച 184 മില്യൻ പൗണ്ട് സമ്മാനത്തുക ഉപയോഗിച്ച് വേൾഡ് ടൂറിനായി തയ്യാറെടുക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നാല്പത്തിഒൻപതുകാരനായ ജോൺ ത്വയ്റ്റിനും ഭാര്യ നാല്പത്തിനാലുകാരി ജെസ്സിനുമാണ് ജാക്ക്പോട്ട് സമ്മാനം ഇത്തവണ ലഭിച്ചത്. ഇരുവരും തങ്ങളുടെ എട്ടുവയസ്സുകാരായ ഇരട്ട മക്കളോടൊപ്പം ഹവായ്, ടെക്സസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. മെയ്‌ പത്തിനാണ് നറുക്കെടുപ്പിലൂടെ ഇരുവർക്കും 184 മില്യൻ പൗണ്ടിന്റെ ജാക്കിപോട്ട് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിനു ശേഷം ഇരുവരും 7.25 മില്യൻ വിലവരുന്ന ഒരു മാൻഷൻ വാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. ലോകം ചുറ്റി കാണാനുള്ള തങ്ങളുടെ മക്കളുടെ ആഗ്രഹം നിവർത്തിക്കാനുള്ള അവസരമാണ് ഇപ്പോൾ തങ്ങൾക്ക് കൈവന്നിരിക്കുന്നത് എന്ന് ദമ്പതികൾ പറഞ്ഞു.

ഈ യാത്ര കൊണ്ട് തങ്ങളുടെ മക്കളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം കാണുവാനാണ് തങ്ങൾ ഇരുവരും ആഗ്രഹിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തങ്ങൾക്ക് സമ്മാനം ലഭിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ദമ്പതികൾ പറഞ്ഞു. ഇതിനുമുൻപ് 2019 ലാണ് ഇത്തരത്തിൽ ഒരാൾക്ക് ജാക്ക്പോട്ട് സമ്മാനമായി 170 മില്യൻ പൗണ്ട് ലഭിച്ചത്.