ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യു എസിൽ അബോർഷനെ സംബന്ധിച്ച് അടുത്തിടെ ഉണ്ടായ ചരിത്രപ്രധാനമായ വിധിയുടെ മാറ്റൊലികൾ ബ്രിട്ടനിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ അബോർഷൻ കെയർ പ്രൊവായിഡർമാരിൽ ഒരെണ്ണം. ബ്രിട്ടനിൽ നിലവിലുള്ള അബോർഷൻ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 1861 ലെ നിയമങ്ങൾ പ്രകാരം ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഗർഭാവസ്ഥയുടെ ഏതൊരു ഘട്ടത്തിലും അബോർഷൻ നടത്തുന്നത് നിയമവിരുദ്ധമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ 1967 ൽ നിലവിൽ വന്ന അബോർഷൻ ആക്ട് പ്രകാരം ഡോക്ടറുടെ അനുവാദത്തോടെ അബോർഷൻ നടത്തുന്നത് നിയമവിരുദ്ധമല്ല. എന്നാൽ 1967 ൽ നിലവിൽ വന്ന ആക്ട് 1861 ലെ നിയമത്തെ അസാധുവാക്കുന്നതുമില്ല. നിലവിൽ ബ്രിട്ടനിൽ 24 ആഴ്ചകൾക്കുള്ളിൽ രണ്ട് ഡോക്ടർമാരുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം അബോർഷൻ അനുവദനീയമാണ്. അടുത്തായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ബിൽ ഓഫ് റൈറ്റ്സിൽ സ്ത്രീകൾക്ക് അബോർഷൻ നടത്താനുള്ള അവകാശം പ്രാഥമിക അവകാശമാക്കി ഭേദഗതി ചെയ്യണമെന്ന് ലേബർ പാർട്ടി എംപി സ്റ്റെല്ല ക്രീസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ ഈ ഭേദഗതിയെ താൻ പിന്തുണക്കില്ലെന്ന് ഡെപ്യൂട്ടി പ്രധാന മന്ത്രി ഡൊമിനിക് റാബ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നിലവിലെ നിയമം ഭേദഗതി നടത്തിയില്ലെങ്കിൽ, ഡോക്ടറുടെ അനുവാദമില്ലാതെ അബോർഷൻ നടത്തുന്ന സ്ത്രീകൾക്ക് ജയിൽ ശിക്ഷ വരെ ലഭിക്കാനുള്ള നിയമമാണ് ഉള്ളതന്നും, ഇത് അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും ബ്രിട്ടീഷ് പ്രെഗ്നനൻസി അഡ്വൈസറി സർവീസ് വക്താവ് വ്യക്തമാക്കി. അബോർഷൻ നടത്തുന്നത് ഒരു ക്രിമിനൽ കുറ്റമായി കാണുന്നത് അവസാനിപ്പിക്കണമെന്നും, യു എസ് കോടതി വിധി കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുമെന്നും , പാർലമെന്റിൽ ഇത്തരം നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 1861 ലെ നിയമം ഇപ്പോഴും നിലനിൽക്കുന്നതിനാൽ, രാഷ്ട്രീയ പ്രവർത്തകർക്ക് എപ്പോൾ വേണമെങ്കിലും അബോർഷൻ നടത്തുന്നത് തടയാനുള്ള അനുവാദമുണ്ട്. അബോർഷൻ നടത്താനുള്ള അവകാശം കുറയ്ക്കുന്ന നടപടികൾക്കെതിരെ സംഘടന ശക്തമായി കഴിഞ്ഞ കാലങ്ങളിൽ പ്രതികരിച്ചിട്ടുണ്ടെന്നും, തുടർന്നും കൂടുതൽ പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അബോർഷൻ നടത്തുന്നത് കുറ്റമായി കാണുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമൻസ് ഇക്വാളിറ്റി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

യുഎസ് സുപ്രീം കോടതി തീരുമാനം ലോകമെങ്ങും അബോർഷനെ സംബന്ധിച്ച ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ബ്രിട്ടണിലും ഉടനടി നിലവിലുള്ള നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.