ഇംഗ്ലണ്ടിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ്ടീച്ചര്‍ എന്ന് അറിയപ്പെടുന്ന ആലിസണ്‍ കോള്‍വെല്‍ യുകെ വിടുന്നു. മല്ലോര്‍ക്കയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ തലപ്പത്തേക്കാണ് ഇവര്‍ പോകുന്നത്. സ്വാന്‍കോംബിലെ എബ്ബ്‌സ്ഫ്‌ളീറ്റ് അക്കാഡമിയുടെ പ്രിന്‍സിപ്പലായിരുന്ന ഇവര്‍ ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ചെത്തിയ 20 വിദ്യാര്‍ത്ഥിനികളെ തിരികെ വീടുകളിലേക്ക് അയച്ചാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. പെണ്‍കുട്ടികള്‍ ‘തുട കാട്ടി’ നടക്കുന്നു എന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആരോപണം. കര്‍ക്കശ നിലപാടുകളുടെ പേരില്‍ രക്ഷിതാക്കളുമായി നിരന്തരം കലഹത്തിലായിരുന്ന കോള്‍വെലിന് ഭീഷണികളും അധിക്ഷേപങ്ങളും പതിവായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്ന ഒരു ന്യൂനപക്ഷത്തിന്റെ ശ്രമഫലമായി താന്‍ പുറത്താക്കപ്പെടുകയല്ലെന്ന് കോള്‍വെല്‍ പറഞ്ഞു. താന്‍ കുട്ടികളുടെ ഭാവി മികച്ചതാക്കാനായിരുന്നു പരിശ്രമിച്ചത്. മോശം പെരുമാറ്റത്തോടായിരുന്നു താന്‍ അസഹിഷ്ണുത കാട്ടിയതെന്നും അവര്‍ വ്യക്തമാക്കി.
താന്‍ പുറത്തു പോകുന്നതില്‍ സന്തോഷിക്കുന്ന ചിലരുണ്ടാകും. അധ്യാപകരോട് അപമര്യാദയായി പെരുമാറുന്ന രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില്‍ ബഹളമുണ്ടാക്കിയ രക്ഷിതാക്കളെ പുറത്താക്കാന്‍ പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങളേത്തുടര്‍ന്ന് ചില രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്താന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന നിബന്ധനയും ഇവര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ഫെയിസ്ബുക്ക് കമ്യൂണിറ്റിയില്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവെന്നും 700 വിദ്യാര്‍ത്ഥികളുള്ള സ്‌കൂളിനെ കോള്‍ഡിറ്റ്‌സ് അക്കാഡമിയെന്ന് ചിലര്‍ പരിഹസിച്ചുവെന്നും അവര്‍ പറഞ്ഞു.
രക്ഷിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്ന പല മോശം അനുഭവങ്ങളും മറക്കാന്‍ ശ്രമിക്കുകയാണ് താനെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചുമതലയേറ്റ് ആദ്യ വര്‍ഷം റിസപ്ഷനില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ഒരു രക്ഷിതാവ് തന്നെ അസഭ്യം പറഞ്ഞത് കോള്‍വെല്‍ ഓര്‍ത്തെടുത്തു. കുട്ടികള്‍ രാത്രി 9.30ന് ഉറങ്ങണമെന്നും കാലത്ത് 6 മണിക്കു തന്നെ ഉണരണമെന്നുമായിരുന്നു കോള്‍വെലിന്റെ ചട്ടം. മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. കുട്ടികളില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയാല്‍ അടുന്ന അവധി ദിവസം വരെ അത് പിടിച്ചുവെക്കും. പെണ്‍കുട്ടികളുടെ യൂണിഫോമില്‍ സ്‌കേര്‍ട്ടുകള്‍ മുട്ടില്‍ നിന്ന് 5 സെന്റീമീറ്ററില്‍ കൂടൂതല്‍ നീളം കുറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. അമിതമായി മെയ്ക്ക് അപ് ചെയ്യുന്നവര്‍ക്ക് അവ തുടക്കാന്‍ വൈപ്പുകള്‍ നല്‍കുമായിരുന്നു. കാല്‍ക്കുലേറ്ററുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ എടുക്കാന്‍ മറക്കുന്ന കുട്ടികളെ സ്‌കൂളില്‍ തടഞ്ഞു നിര്‍ത്തുന്നതും പതിവായിരുന്നു. മൊബൈല്‍ ഫോണുകള്‍ പിടിച്ചു വെച്ച സംഭവങ്ങളില്‍ സ്‌കൂളിനെതിരെ മോഷണക്കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട്.
Leave a Reply