ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സു മാത്രം പ്രായമുള്ള ക്ലാരിസ സ്ലേഡാണ് മരണപ്പെട്ടത്. വിന്‍ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ക്ലാരിസയെ മരിച്ച നിലയില്‍ സ്റ്റുഡന്റ് അക്കോമഡേഷനില്‍ സുഹൃത്താണ് കണ്ടെത്തിയത്. മിഡ് ഡെവണ്‍ ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് തെരെഞ്ഞെടുക്കുമ്പോള്‍ വെറും പതിനെട്ട് വയസ്സായിരുന്നു സ്ലെയിഡിന്റെ പ്രായം. ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെന്ന ബഹുമതിയും ഇതോടെ സ്ലെയിഡിനെ തേടിയെത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചായിരുന്നു സ്ലെയിഡ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൂടാതെ ടിവേര്‍ട്ടണ്‍ ടൗണ്‍ കൗണ്‍സിലിലും സ്ലെയിഡ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പിതാവായ കോളിന്‍ സ്ലെയിഡും രാഷ്ട്രീയ പ്രവര്‍ത്തകനാണ്. നിലവില്‍ അദ്ദേഹം കൗണ്‍സിലര്‍ പദവി അലങ്കരിക്കുന്നുണ്ട്. എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും കൊറോണര്‍ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും കോളിന്‍ സ്ലെയിഡ് ഡെയിലി ടെലഗ്രാഫിനോട് പറഞ്ഞു. അവള്‍ക്ക് ശോഭനമായ ഒരു ഭാവിയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്ന അവള്‍ നല്ലൊരു കൗണ്‍സിലര്‍ കൂടിയായിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ അവളായിരുന്നു. രാഷ്ട്രീയത്തില്‍ തുടരനായിരുന്നു അവള്‍ക്ക് താല്‍പ്പര്യം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വളരെ ഊര്‍ജ്ജസ്വലയായ പ്രവര്‍ത്തകയും കൂടിയായിരുന്ന സ്ലെയിഡെന്ന് കോളിന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ 16-ാമത്തെ വയസ്സില്‍ ഡേവണ്‍ കണ്‍സര്‍വേറ്റീവ് ഫ്യൂച്ചറിന്റെ ചെയര്‍പേഴ്‌സണായി സ്ലെയിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ലാസിക്‌സില്‍ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ സ്ലെയിഡ് രാഷ്ട്രീയ ഭാവിയുള്ള വ്യക്തിത്വങ്ങളിലൊന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഹൃദയ സംബന്ധിയായ രോഗം സ്ലേഡിനെ വേട്ടയാടിയിരുന്നു. എന്നാല്‍ രോഗം അത്ര അപകടകാരിയല്ലെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നെഞ്ചില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ലെയിഡ് ഡോക്ടറെ കണ്ടിരുന്നു. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. കൗണ്‍സിലര്‍ ക്ലാരിസ സ്ലെയിഡിന്റെ പെട്ടെന്നുള്ള മരണം സംബന്ധിച്ച വാര്‍ത്ത ദുഃഖകരമാണെന്നും സഹ കൗണ്‍സിലര്‍മാരുടെയും ഇതര ഓഫീസ് സ്റ്റാഫുകളുടെയും പേരിലും വ്യക്തിപരമായും ആദരാഞ്ജലികള്‍ രേഖപ്പെടുത്തുന്നതായും മിഡ് ഡേവോണ്‍ ഡിസ്ട്രിക് കൗണ്‍സില്‍ ലീഡര്‍ ക്ലൈവ് ഈജിംഗ്ട്ടണ്‍ പറഞ്ഞു.
Leave a Reply