ജീവന്‍ തിരിച്ച് നല്‍കിയ എന്‍എച്ച്എസിന് നന്ദി പ്രകടിപ്പിച്ച് ബ്രിട്ടനില്‍ ഗണ്‍ക്രൈമിന് ഇരയായ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി. തന്റെ സന്തോഷവും ജീവനും തിരികെ നല്‍കുന്നതില്‍ എന്‍എച്ച്എസ് വഹിച്ച പങ്ക് വലുതാണെന്ന് പെണ്‍കുട്ടി പറഞ്ഞു. 2011 മാര്‍ച്ചിലാണ് തുഷ കമലേശ്വരന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച ആക്രമണം നടക്കുന്നത്. ഒരു ഗ്രോസറി കടയില്‍ വെച്ചാണ് തുഷയ്ക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളള്‍ തമ്മില്‍ നടന്ന വെടിവെപ്പിനിടെ പരിക്കേറ്റത്. വെടിയേറ്റ് നിലത്ത് വീണയുടന്‍ ബോധം മറഞ്ഞിരുന്നു. കൃത്യസമയത്ത് എത്തിച്ചേര്‍ന്ന പാരാമെഡിക്കുകളുടെ ഇടപെടലായിരുന്നു ഇവളുടെ ജീവന്‍ രക്ഷിച്ചത്. പിന്നീട് മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി ചികിത്സ.

നട്ടെല്ലിനേറ്റ വെടിയുണ്ട അത്ര നിസാരക്കാരനായിരുന്നില്ല. ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ തന്നെ തുഷയുടെ ഭാവി ജീവിതം വീല്‍ച്ചെയറിലായിരിക്കും എന്ന സൂചന ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. നിരന്തരമുള്ള ആശുപത്രി സന്ദര്‍ശനങ്ങളും മരുന്നുകളുമൊക്കെയായി വളരെ ദുഷ്‌കരമായിരുന്നു ഇതിനു ശേഷം തുഷയുടെ ജീവിതം. പക്ഷേ ഇതൊന്നും തുഷയുടെ ജീവതത്തോടുള്ള പ്രതീക്ഷകളെ ഇല്ലാതാക്കിയില്ല. അവള്‍ക്കിപ്പോള്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹം. ജീവന്‍ തിരികെ നല്‍കിയവരെപ്പോലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് അവള്‍ക്കും ആഗ്രഹം. ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ത്ത തുഷയുടേത് സാധാരണ കുടുംബമാണ്. എന്‍എച്ച്എസ് സഹായമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ചികിത്സ തന്നെ മുടങ്ങാന്‍ സാധ്യതയുണ്ടായിരുന്നു.

ഇത്തവണ ദി എന്‍എച്ച്എസ് ഹീറോ അവാര്‍ഡ് നേടിയിരിക്കുന്നത് തുഷയാണ്. പാരാമെഡിക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് പുരസ്‌കാര ചടങ്ങിനിടെ തുഷ പറഞ്ഞു. അവരെന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. അവരെപ്പോലെ എനിക്കും മറ്റുള്ളവരെ ജീവന്‍ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവണമെന്ന് തുഷ പറഞ്ഞു. എന്റെ പ്രിയ്യപ്പെട്ട വിഷയം സയന്‍സും ഗണിതശാസ്ത്രവുമാണ്. ഈ വിഷയങ്ങള്‍ എന്റെ ഡോക്ടറാവാനുള്ള ആഗ്രഹത്തിലേക്ക് എത്താനുള്ള ചവിട്ടുപടിയാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും തുഷ പറയുന്നു. തുഷ ജീവിതകാലം മുഴുവന്‍ വീല്‍ച്ചെയറില്‍ കഴിയേണ്ടി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. വൈകാതെ തന്നെ എഴുന്നേറ്റ് നടക്കാന്‍ അവള്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.











Leave a Reply