ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിന് ശേഷമുള്ള ചികിത്സകൾ ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കിൽ ആൻറിബയോട്ടിക്കിനെതിരെ പ്രതിരോധശേഷിയുള്ള അണുബാധകൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധിയെക്കുറിച്ച് യുകെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പനിയുടെ ലക്ഷണങ്ങൾ ഈ ശൈത്യകാലത്ത് സാധാരണയിലും കൂടുതലായിരിക്കാം. എന്നാൽ ആൻറിബയോട്ടിക് കഴിക്കുന്നത് ഇതിനൊരു പ്രതിവിധി അല്ല . ഇത് പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് യുകെ സെക്യൂരിറ്റി ഏജൻസി പറഞ്ഞു. 2020 -ൽ അണുബാധയുള്ള അഞ്ചിൽ ഒരാൾക്ക് ആൻറിബയോട്ടിക് പ്രതിരോധശേഷി ഉണ്ടായിരുന്നു. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ മരുന്നിനോട് പ്രതികരിച്ചില്ലെങ്കിൽ ഗുരുതരമായ സങ്കീർണത ഉണ്ടാക്കുകയും ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടതായി വരും.

ആൻറിബയോട്ടിക്കിൻെറ ആവശ്യം ശരിക്കും ഉള്ളപ്പോൾ മാത്രം ഇവ സ്വീകരിക്കുക. ഉദാഹരണത്തിന് സെപ്സിസ്, മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാനാണ് ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുക. കീമോതെറാപ്പി, സിസേറിയൻ, മറ്റ് സാധാരണ ശസ്ത്രക്രിയകൾ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള അണുബാധയിൽ നിന്നുള്ള സംരക്ഷണത്തിനായും ഇവ സ്വീകരിക്കാറുണ്ട്. ചുമ, ചെവി വേദന, തൊണ്ടവേദന തുടങ്ങിയ ചികിത്സകൾക്കായി ഇവ നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണാറില്ല. 2020 – 2021 ലെ ആന്റിമൈക്രോബയൽ യൂട്ടിലൈസേഷൻ ആൻഡ് റെസിസ്റ്റൻസിൽ (ഇ എസ് പി എ യു ആർ) നിന്നുള്ള കണക്കുകൾ പ്രകാരം 2020 -ൽ ബ്ലഡ് ഇന്ഫക്ഷന്സിൻെറ എണ്ണം ക്രമാതീതമായി കുറവാണ്. പകർച്ചവ്യാധിയുടെ സമയത്തുള്ള ആളുകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ സാമൂഹിക അകലം പാലിക്കൽ, മെച്ചപ്പെട്ട കൈ ശുചിത്വം എന്നിവ ഇതിനെ സ്വാധീനിച്ചതായി കരുതുന്നു. ഇതേസമയം ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളുടെ എണ്ണവും വർദ്ധിച്ചു.

ആൻറി മൈക്രോബിയൽ പ്രതിരോധം മറഞ്ഞിരിക്കുന്ന ഒരു പകർച്ചവ്യാധിയുടെ സൂചന ആണെന്നും കോവിഡ് -19 നെ മറികടന്ന് മറ്റൊരു പ്രതിസന്ധിയിലേയ്ക്ക് നമ്മൾ കടക്കരുതെന്നത് പ്രധാനമാണെന്നും യുകെഎച്ച്എസ്എ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ജനങ്ങൾ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഗുരുതരമായ ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളുടെ എണ്ണം വർധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് ജനങ്ങൾ പ്രവേശിക്കുമ്പോൾ വർദ്ധിച്ചുവരുന്ന ശ്വസന അണുബാധകൾക്കൊപ്പം, ജലദോഷം പോലുള്ള പല ലക്ഷണങ്ങൾക്കും ആൻറിബയോട്ടിക്കുകൾ ആവശ്യമില്ലെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുകയാണെങ്കിൽ വീട്ടിൽ തന്നെ കഴിയുവാൻ ശ്രദ്ധിക്കുക എന്നും ഡോ. ഹോപ്കിൻസ് പറഞ്ഞു. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ആൻറിബയോട്ടിക് കഴിക്കുന്നത് ഭാവിയിൽ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. അതിനാൽ തന്നെ ജിപിയുടെയോ ദന്തരോഗവിദഗ്ദ്ധന്റെയോ അല്ലെങ്കിൽ ഫാർമസിസ്റ്റിൻെറയോ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം ഇവ സ്വീകരിക്കുക.