ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി മൂലം ബ്രിട്ടീഷ് എയർവേയ്‌സിന്റെ മാതൃ കമ്പനിയായ ഐ‌എജിക്ക് 2020ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 5.1 ബില്യൺ പൗണ്ടിന്റെ കനത്ത നഷ്ടം. 2019 ലെ ഇതേ കാലയളവിൽ, എയർലൈൻ ഗ്രൂപ്പ് 1.6 ബില്യൺ പൗണ്ടിന്റെ ലാഭം നേടിയിരുന്നു. ലോകമെങ്ങും പടർന്നുപിടിച്ച മഹാമാരി കാരണമാണ് ഇപ്പോൾ കനത്ത നഷ്ടം ഉണ്ടായതെന്നും നിരന്തരം നിയന്ത്രണങ്ങൾ മാറ്റുന്നതിലൂടെ സർക്കാർ, നഷ്ടം കൂടുതൽ രൂക്ഷമാക്കിയെന്നും ഐ‌എ‌ജി ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് ഗാലെഗോ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗ്രൗണ്ട് സ്റ്റാഫും ക്യാബിൻ ക്രൂവും പൈലറ്റുമെല്ലാം ഉൾപ്പെടെ 12000 ജീവനക്കാരെ ബ്രിട്ടീഷ് എയർവേയ്‌സ് ഏപ്രിലിൽ പിരിച്ചുവിട്ടിരുന്നു. കനത്ത സാമ്പത്തിക നഷ്ടം വന്നതോടെ മിക്ക വിമാനങ്ങളും പറത്താനാകാത്ത അവസ്ഥയിലാണ് കമ്പനി. ഇതുപോലെ നിരവധി വിമാനക്കമ്പനികൾ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

2020 ഫെബ്രുവരി മുതൽ ഒരു വീണ്ടെടുക്കൽ സാധ്യമാകാത്തത്ര തകർച്ചയാണ് ഉണ്ടായതെന്ന് ഗാലെഗോ പറഞ്ഞു. കോവിഡ് പ്രതിസന്ധി ഉപയോക്താക്കൾക്ക് അനിശ്ചിതത്വം സൃഷ്ടിക്കുകയും ബിസിനസ് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്തു. ക്വാറന്റീൻ ഒഴിവാക്കുന്നതിനായി വിശ്വസനീയവും താങ്ങാനാവുന്നതുമായ ടെസ്റ്റുകൾ ഉപയോഗിച്ച് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധന (പ്രീ ഡിപ്പാർച്ചർ ടെസ്റ്റിംഗ് ) സ്വീകരിക്കാൻ വിമാനകമ്പനികൾ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് റൂട്ടുകൾ തുറക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ ആളുകളെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. റൂട്ടുകൾ‌ തുറക്കുമ്പോൾ‌, യാത്രയ്‌ക്കുള്ള ആവശ്യകത വർദ്ധിക്കുന്നുമെന്ന് ഗാലഗോ കൂട്ടിച്ചേർത്തു. ആളുകൾക്ക് വാക്സിൻ ലഭിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഞായറാഴ്ച രാവിലെ 4 മണി മുതൽ സൈപ്രസ്, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയണമെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. നിലവിലെ ക്വാറന്റീൻ സംവിധാനം ടൂറിസത്തിലും ബിസിനസ് യാത്രയിലും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്നും പകരം ‘ടെസ്റ്റ്‌ ബിഫോർ ഫ്ലൈയിംഗ്’ സംവിധാനം ഏർപ്പെടുത്തണമെന്നും പുതിയ ബ്രിട്ടീഷ് എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സീൻ ഡോയൽ ആവശ്യപ്പെട്ടു. ആളുകളെ ധൈര്യപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.