ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാങ്കേതിക പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്സിന്റെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിട്ടു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്സിന്റെ പല വിമാനങ്ങളും താമസിച്ചതായുള്ള വിവരം വിവിധ സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് യാത്രക്കാർ യുകെയിലെയും മറ്റു രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിലും കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് സംജാതമായത്.


കമ്പ്യൂട്ടർ സിസ്റ്റത്തിലെ ചില പ്രവർത്തന തകരാറുകൾ ആണ് കാലതാമസത്തിന് കാരണമായത് എന്ന് ബ്രിട്ടീഷ് എയർവെയ്സ് സ്ഥിരീകരിച്ചു. നിലവിൽ വിമാനങ്ങൾ ഒന്നും റദ്ദാക്കിയിട്ടില്ലെന്നാണ് ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചിരിക്കുന്നത്. പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ . ഇൻറർനാഷണൽ വിമാനങ്ങളെയും ആഭ്യന്തര സർവീസുകളെയും പ്രശ്നം ബാധിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിന് യാത്രക്കാരെ പ്രശ്നം ബാധിക്കുമെന്നാണ് ട്രാവൽ എക്സ്പേർട്ടും പത്രപ്രവർത്തകനുമായ സൈമൺ കാൾഡർ അഭിപ്രായപ്പെട്ടത്. യാത്രക്കാർ പലരും തങ്ങളുടെ അതൃപ്തി സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ബ്രിട്ടീഷ് എയർവെയ്സ് പറയുമ്പോഴും ഇന്നലെ ഫ്ലൈറ്റുകൾ താമസിച്ചതിന്റെ പ്രശ്നങ്ങൾ ഇന്നത്തെ സർവീസുകളെ കൂടി ബാധിച്ചേക്കാമെന്ന ആശങ്കകളുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൈലറ്റുമാർക്ക് തങ്ങളുടെ വിമാനത്തിനായുള്ള ലോഡിംഗ് ഡാറ്റ ഉണ്ടാക്കാൻ കഴിയുന്നില്ലെന്നും ഫോണിലൂടെ സഹപ്രവർത്തകരുമായി ബന്ധപ്പെടാൻ പാടുപെടുന്നുണ്ടെന്നും തങ്ങളോട് പറഞ്ഞതായി ചില യാത്രക്കാർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് എയർവെയ്സിലെ സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് അറിയാമായിരുന്നെന്നും എന്നാൽ സ്വന്തം സംവിധാനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹീത്രൂ എയർപോർട്ട് വക്താവ് പറഞ്ഞു. ഐടി പരാജയം കാരണം ബ്രിട്ടീഷ് എയർവെയ്സിന് കടുത്ത തടസ്സം നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മേയിൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. 2017 ലെ വസന്തകാലത്തും ബാങ്ക് ഹോളിഡേ പ്ലാനുകളെ തടസ്സപ്പെടുത്തി 2020 ഫെബ്രുവരിയിലും സമാനമായ ഒരു കാര്യം സംഭവിച്ചു.