ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഒക്‌ടോബർ മാസം അവസാനം മുതൽ മാർച്ച് വരെ ഹീത്രൂ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഏകദേശം 10,000 ഹ്രസ്വദൂര വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവേയ്‌സ്. ശൈത്യകാലത്തെ തടസ്സങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ ക്രമീകരണം ചില ദീർഘദൂര വിമാനങ്ങളെയും ബാധിക്കുമെന്ന് എയർലൈൻ അറിയിച്ചു. ഒക്‌ടോബർ അവസാനം വരെ പ്രതിദിനം ഒരു ഡസൻ റൗണ്ട് ട്രിപ്പുകൾ എന്ന പ്രകാരം ഏകദേശം 629 വിമാനങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് ബിഎ യുടെ അറിയിപ്പിൽ പറയുന്നത്.

ജീവനക്കാരുടെ കുറവ് കാരണം ബിഎയുടെ പ്രധാന കേന്ദ്രമായ ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം നിലവിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ചതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ പോരായ്മയും പ്രശ്നം ഗുരുതരമാക്കി. ഇംഗ്ലണ്ടിലെ മിക്ക സ്‌കൂളുകളും ഒക്‌ടോബർ അവസാന വാരമാണ് അവധിയ്ക്കായി അടയ്ക്കുന്നത്. റദ്ദാക്കിയ വിമാനങ്ങൾ മറ്റ് പ്രതിദിന സർവീസുകളുള്ള റൂട്ടുകളിലായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. പുതിയ തീരുമാനം യാത്രക്കാരെ ബാധിക്കുന്ന സാഹചര്യത്തിൽ മറ്റൊരു എയർലൈൻ അല്ലെങ്കിൽ റീഫണ്ട് പോലുള്ള ക്രമീകരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

“ശീതകാലത്തേക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് പ്ലാൻ ചെയ്തതുപോലെ യാത്ര ചെയ്യാൻ കഴിയും. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ മാസങ്ങൾക്കുള്ളിൽ അറിയിപ്പ് നൽകും.” പ്രസ്താവനയിൽ പറയുന്നു. ഹീത്രൂവിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ ബ്രിട്ടീഷ് എയർവേയ്‌സ്, ഈ മാസം ആദ്യം വിമാനത്താവളത്തിൽ നിന്നുള്ള ഹ്രസ്വ-ദൂര വിമാനങ്ങളിലെ ടിക്കറ്റുകളുടെ വിൽപ്പന രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു. വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ പരിധിയായ 100,000 കവിയുന്നത് ഒഴിവാക്കാനാണിത്. ഈ പരിധി സെപ്റ്റംബർ 11-ന് അവസാനിക്കേണ്ടതായിരുന്നു, എന്നാൽ ഒക്ടോബർ 29 വരെ നീട്ടി.
	
		

      
      



              
              
              




            
Leave a Reply