ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്തെ പുതിയ യാത്ര ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടൻ. ഫ്രാൻസിൽ നിന്നുവരുന്ന രണ്ട് ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇനിമുതൽ ക്വാറന്റീൻ ആവശ്യമില്ല എന്നാണ് പുതുക്കിയ നിയമങ്ങൾ വ്യക്തമാക്കുന്നത്. ബീറ്റ വേരിയന്റ് കേസുകളുടെ എണ്ണം ഫ്രാൻസിൽ കുറഞ്ഞതിനെ തുടർന്നാണ് പുതിയ നടപടി. യുഎസ്‌, യു കെ, യൂറോപ്പ് എന്നിവിടങ്ങളിൽ അംഗീകൃതമായ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തശേഷം യാത്ര ചെയ്യുന്നവർക്ക്, യുകെയിലെത്തിയ ശേഷം ക്വാറന്റീൻ ആവശ്യമില്ല. ഇതോടൊപ്പംതന്നെ ഓസ്ട്രിയ, ജർമ്മനി, സ്ലോവേനിയ, സ്ലോവാക്കിയ, ലാറ്റ് വിയ, റൊമാനിയ, നോർവേ എന്നീ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യ, ബഹറിൻ, ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ആംബർ ലിസ്റ്റിലേക്ക് മാറ്റി. ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാലാണ് ഈ തീരുമാനം.

എന്നാൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ലിസ്റ്റിൽ രാജ്യങ്ങളിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച്
എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ ഉണ്ടാകാമെന്ന് ഗവൺമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മെക്സിക്കോ, ജോർജിയ, മായോട്ട്, ലാ റിയൂണിയൻ എന്നിവയെ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തി.ഹൈ റിസ്ക് വേരിയന്റുകൾ ഉള്ളതിനെ തുടർന്നാണ് ഈ രാജ്യങ്ങളെ റോഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓഗസ്റ്റ് 8 ഞായറാഴ്ച മുതൽ ഈ നിയമങ്ങളെല്ലാം തന്നെ പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര യാത്രകൾ പതിയെ ആരംഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും ജനങ്ങളെല്ലാവരും കർശനമായ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വാക്സിനേഷനുകൾ വൈറസിനെ തടയുന്നത് കൂടുതൽ ഫലപ്രദമാകുന്ന ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൂടുതൽ ഇളവുകൾ നൽകുന്നത്. ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.