ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡാനിഷ് ഭരണകൂടത്തിനെതിരെ വൻ തട്ടിപ്പ് നടത്തിയതിന് 12 വർഷത്തെ തടവിന് ശിക്ഷ ലഭിച്ച് ബ്രിട്ടീഷ് വ്യവസായി സഞ്ജയ് ഷാ. ഡെൻമാർക്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ലഭിച്ച ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണ് സഞ്ജയ് ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. ഡിവിഡൻ്റ് ടാക്‌സ് റീഫണ്ടുകൾ വഴി 9 ബില്യൺ ഡാനിഷ് ക്രോണർ (996 മില്യൺ പൗണ്ട്) അനധികൃത ക്ലെയിമുകൾ ഉൾപ്പെട്ട തട്ടിപ്പ് നടത്തുന്നതിൽ ഷാ നിർണായക പങ്ക് വഹിച്ചുവെന്ന് ഗ്ലോസ്ട്രപ്പ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്.
2015 ഓഗസ്റ്റിൽ ഡാനിഷ് നികുതി അധികാരികൾ കണക്കുകളിലെ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തായത്. ട്രഷറിയിൽ നിന്ന് കോടികൾ അനധികൃതമായി പിൻവലിച്ചതായി അധികൃതർ കണ്ടെത്തുകയായിരുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമേ, സഞ്ജയ് ഷായെ ഡെന്മാർക്കിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കൂടാതെ ഇനി ഡെന്മാർക്കിൽ ബിസിനസ്സ് നടത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
54 കാരനായ സഞ്ജയ് ഷായിൽ നിന്നും 7.2 ബില്യൺ ഡാനിഷ് ക്രോണർ പിടിച്ചെടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഇത് തട്ടിപ്പിൽ നിന്ന് സഞ്ജയ് നേടിയെന്ന് പ്രോസിക്യൂഷൻ തെളിയിച്ച തുകയാണ്. ഇതുവരെ, ഡാനിഷ് അധികൃതർ ഏകദേശം 3 ബില്യൺ ഡാനിഷ് ക്രോണർ പിടിച്ചെടുത്തു. തനിക്ക് നേരെയുള്ള ആരോപണങ്ങൾ നിഷേധിച്ച സഞ്ജയ്, ഡാനിഷ് നികുതി ചട്ടങ്ങളിലെ പഴുതുകൾ മുതലെടുടുക്കുക മാത്രമാണ് താൻ ചെയ്‌തതെന്ന് അവകാശപ്പെട്ടു. ഇത് നിരസിച്ച കോടതി, ക്ലെയിം ചെയ്ത തുകകൾക്ക് സഞ്ജയ് അർഹനല്ലെന്ന് വിധിച്ചു. കുറ്റകൃത്യത്തിൻ്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നതിനാണ് 12 വർഷത്തെ ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. വിധിക്കെതിരെ സഞ്ജയ് ഷാ അപ്പീൽ നൽകിയിട്ടുണ്ട്.
Leave a Reply