ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിറ്റ അസ്ഡാ സ്റ്റോറിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഈസ്റ്റ്‌ ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ നടന്ന റെയ് ഡിലാണ് കാലാവധി കഴിഞ്ഞ ചിക്കൻ, മീറ്റ്ബോൾ, സ്റ്റീക്ക് എന്നിവ കണ്ടെത്തിയത്. ഇതിനെതുടർന്ന് സ്റ്റോർ നവീകരിക്കണമെന്ന് ഉദ്യോഗസ്ഥർ ഉത്തരവിട്ടു. 500 ഗ്രാം സ്റ്റീക്ക് പിസ ടോപ്പിംഗുകളുടെ പതിനൊന്ന് പായ്ക്കുകൾ, 400 ഗ്രാം പ്ലെയിൻ ചിക്കൻ അഞ്ചെണ്ണം, ആറ് 750 ഗ്രാം മീറ്റ്ബോൾ എന്നിവയുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 15-ന് നടത്തിയ പരിശോധനയെത്തുടർന്ന് വാൾതം ഫോറസ്റ്റ് കൗൺസിൽ സ്റ്റോറിന് അഞ്ചിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി.

ഇതേ കുറ്റത്തിന് ബർമിംഗ്ഹാമിലെ മൂന്ന് ടെസ്‌കോ സ്റ്റോറുകൾക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടി സ്വീകരിച്ചിരുന്നു. മൂന്ന് ബിർമിംഗ്ഹാം സ്റ്റോറുകളിൽ പഴകിയ ഭക്ഷണം വിറ്റതിന് 7.56 മില്യൺ പൗണ്ട് പിഴ ചുമത്തിയിരുന്നു. കാലാവധി കഴിഞ്ഞതൊന്നും സൂപ്പർമാർക്കറ്റുകളിൽ വിൽക്കാൻ പാടില്ലെന്ന് വാൽതാം ഫോറസ്റ്റ് കൗൺസിൽ ഡെപ്യൂട്ടി ലീഡർ ക്ലെർ ക്ലൈഡ് ലോക് സ് പറഞ്ഞു. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായേക്കാവുന്ന അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിടങ്ങളുടെ വൃത്തിയും സൗകര്യങ്ങളും പൊതുവെ തൃപ്തികരമാണെന്ന് കണ്ടെത്തിയപ്പോൾ ശുചിത്വപരമായ ഭക്ഷണം വിൽക്കുന്നതിൽ മെച്ചപ്പെടുത്തൽ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വാങ്ങാൻ പ്രദർശിപ്പിച്ചിട്ടില്ലെന്ന് അസ് ഡയുടെ വക്താവ് പറഞ്ഞു. അത് പിസ്സ നിർമ്മാണ സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.