ജോജി തോമസ്
ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ നിന്ന് ബ്രിട്ടീഷ് ജനത ഇനിയും മുക്തമായിട്ടില്ല. ലണ്ടന്‍ ബ്രിജ് ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഇലക്ഷന്‍ പ്രചരണം ഇന്നലെ പുനരാരംഭിച്ചു. ഇതിനിടയില്‍ ഒരു തൂക്ക് പാര്‍ലമെന്റിനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ബിബിസി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദത്തിന് ശേഷം പുറത്തുവന്ന അഭിപ്രായ സര്‍വ്വേ നല്‍കുന്ന സൂചന ഭൂരിപക്ഷത്തിന് ആവശ്യമായതിലും 8 സീറ്റുകള്‍ വരെ കുറവായിരിക്കും കണ്‍സര്‍വേറ്റീവുകള്‍ നേടുക എന്നതാണ്.
‘യുഗേവ്’ അഭിപ്രായ സര്‍വേ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് 317 സീറ്റുകള്‍ വരെ ലഭിക്കാനെ സാധ്യതയുള്ളൂ. മന്ത്രിസഭാ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 324 അംഗങ്ങളെ വിജയിപ്പിക്കേണ്ടതുണ്ട്. ടോറികള്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാലും തെരേസ മേയ് പ്രധാനമന്ത്രി പദത്തിലെത്താനുള്ള സാധ്യതകളില്ല. ബ്രിട്ടീഷ് രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന ഒരു പാരമ്പര്യം അനുസരിച്ച് ഒരു നേതാവ് മുന്നോട്ട് വയ്ക്കുന്ന അജണ്ട പാര്‍ട്ടിയോ ജനങ്ങളോ തിരസ്‌കരിച്ചാല്‍ നേതൃസ്ഥാനത്തു നിന്ന് ഒഴിയുകയാണ് പതിവ്.
ആ പാരമ്പര്യം പിന്‍തുടര്‍ന്നാണ് ബ്രെക്സിറ്റിനോടനുബന്ധിച്ച് നടന്ന ഹിത പരിശോധനയ്ക്ക് ശേഷം ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. തൂക്ക് പാര്‍ലമെന്റാണ് നിലവില്‍ വരുന്നതെങ്കിലും ടോറികള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമേ ലഭിക്കുന്നുള്ളുവെങ്കിലും അനാവശ്യമായ ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴച്ചതിലും സുഗമമായി പൊയ്ക്കൊണ്ടിരുന്ന ഒരു ഭരണം വലിച്ചെറിഞ്ഞതിലും തെരേസാ മെയ് പൊതുജനത്തോടും പാര്‍ട്ടിയോടും ഉത്തരം പറയേണ്ടി വരും.
Leave a Reply