ജോജി തോമസ്

ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പിന് ഒരു ദിനം മാത്രം ശേഷിക്കവെ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. മാര്‍ഗരറ്റ് താച്ചറിനുശേഷം ബ്രിട്ടണ്‍ കണ്ട ഉരുക്കുവനിതയായ തെരേസാ മേയുടെ രാഷ്ട്രീയ കൗശലവും അതിസാമര്‍ത്ഥ്യവും വിജയം കാണുമോ അതോ അനിതരസാധാരണമായ ഇച്ഛാശക്തിയോടെ പൊതുതെരഞ്ഞെടുപ്പിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവന്ന് തെരഞ്ഞെടുപ്പൊരു ഏകപക്ഷീയ പോരാട്ടമാക്കാമെന്ന് കരുതിയിരുന്ന തെരേസാ മേയുടെ പ്രതീക്ഷകളെ തകിടം മറിച്ചു ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വെന്നിക്കൊടി നാട്ടുമോ എന്ന ആകാംഷയിലാണ് ലോകജനത.

മൊത്തം ജനസംഖ്യയുടെ 2.5 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ് ബ്രിട്ടണില്‍. ഇന്ത്യക്കാരില്‍ ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ സമൂഹമെന്ന് പറയുന്നത് മലയാളികളാണ്. തീര്‍ച്ചയായും മലയാളി സമൂഹത്തിന് ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഒരു പങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ച് വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളിയോട് വോട്ട് ചെയ്യേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ആര്‍ക്ക് വോട്ട് നല്‍കണമെന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ഓരോ വോട്ടും നിര്‍ണായകമാണെന്ന തിരിച്ചറിവില്‍ നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ അധികാരത്തിലെത്തിക്കേണ്ട ഉത്തരവാദിത്തമുണ്ട്.

അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിനെയാണ് ബ്രിട്ടണ്‍ ഇന്ന് അഭിമുഖീകരിക്കുന്നത്. അതിന് പ്രധാന കാരണം ബ്രെക്സിറ്റ് മൂലം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം വേണമെന്ന തെരേസാ മേയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ചിന്താഗതിയാണ്. പക്ഷേ ടോറികളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ദുര്‍ബലമായിരുന്ന പ്രതിപക്ഷം ശക്തമായ ചെറുത്തുനില്‍പ്പാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കാഴ്ചവച്ചത്.

പ്രശസ്ത തത്വചിന്തകനായ വോള്‍ട്ടയര്‍ പറഞ്ഞിട്ടുണ്ട് ”The comfort of the rich depends upon an abundant supply of the poor” പാവപ്പെട്ടവന്റെ സുലഭമായ ലഭ്യതയിലാണ് പണക്കാരന്റെ സുഖമിരിക്കുന്നത്. കടുത്ത വലതുപക്ഷ പാര്‍ട്ടിയും മുതലാളിത്വത്തിന്റെ വക്താവുമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എക്കാലത്തെയും നയങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതായിരുന്നു. പ്രതിരോധ സെക്രട്ടറിയും പ്രമുഖ ടോറി നേതാവുമായ സര്‍ മൈക്കിള്‍ ഫാളന്‍ പുതിയതായി അധികാരമേല്‍ക്കുന്ന കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് ഉയര്‍ന്ന വരുമാനക്കാരുടെ നികുതി വര്‍ധിപ്പിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഇതിനര്‍ത്ഥം ബ്രെക്സിറ്റ് മൂലം രാജ്യത്തിനുണ്ടാകുന്ന ബാധ്യതകള്‍ സാധാരണക്കാരന്റെ ചുമലില്‍ മാത്രമായിരിക്കുമെന്നാണ്.

അധികാരത്തില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് അമിത പ്രതീക്ഷ മൂലം ജനവിരുദ്ധ പ്രഖ്യാപനങ്ങള്‍ പരസ്യമായി മാനിഫെസ്റ്റോയില്‍ കുത്തിനിറയ്ക്കാന്‍ പോലും കണ്‍സര്‍വേറ്റീവുകള്‍ മടിച്ചില്ല. ആയിരക്കണക്കിന് മലയാളികളുടെ ചോറായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനോട് അതിന്റെ ആരംഭകാലം മുതല്‍ ടോറികള്‍ കടുത്ത ശത്രുതയിലായിരുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ ഇല്ലാതാക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുക എന്നത് ടോറികളുടെ എക്കാലത്തെയും ഒരു ഹിഡന്‍ അജണ്ടയാണ്. ലോകം മുഴുവന്‍ ആദരവോടെ നോക്കിക്കാണുന്ന ബ്രിട്ടീഷ് ആതുരസേവന സംവിധാനം ഇല്ലാതാകുകയോ സ്വകാര്യവത്കരിക്കപ്പെടുകയോ ചെയ്യുന്നത് ആശാസ്യകരമല്ല. കഴിഞ്ഞ എട്ടുവര്‍ഷത്തെ ടോറി ഭരണകാലത്ത് എന്‍.എച്ച്.എസിന്റെ പല വിഭാഗങ്ങളിലും സ്വകാര്യവത്കരണം ആരംഭിച്ചിട്ടുണ്ട്.

പണമുള്ളവന് മാത്രം സേവനം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ഉയര്‍ന്ന ഫീസ്. സ്‌കോട്ലന്റില്‍ കുട്ടികള്‍ സൗജന്യമായി യൂണിവേഴ്സിറ്റി പഠനം നടത്തുമ്പോഴാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്നവരോട് ഈ കഴുത്തറപ്പന്‍ നിലപാട് സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ബ്രിട്ടണില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം പോലും സൗജന്യമായിരുന്നില്ല. കാരണം മുതലാളിത്ത വ്യവസ്ഥിതിയില്‍ മുതലാളിയുടെ സുഖസൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരുവിഭാഗം വേണ്ടിയിരുന്നു. ഇവിടെയാണ് മലയാളി വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തിയിരിക്കുന്നത്.

സാധാരണക്കാരന്റെയും മധ്യവര്‍ഗത്തിന്റെയും താല്‍പര്യങ്ങളെ പൊതുവെ പ്രതിനിധാനം ചെയ്യുന്നത് ലേബര്‍ പാര്‍ട്ടിയാണ്. ലേബര്‍ പാര്‍ട്ടി ഭരണകാലത്ത് ആരംഭിച്ച നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് സംവിധാനം സംരക്ഷിക്കുന്നതില്‍ അവരെന്നും പ്രതിജ്ഞാബദ്ധരായിരുന്നു. പൊതുവെ വര്‍ക്കിംഗ് ക്ലാസ് ആയ മലയാളി സമൂഹത്തിന് ഒത്തിരി പ്രതീക്ഷകള്‍ നല്‍കുന്നതാണ് 2020 ഓടുകൂടി അടിസ്ഥാന വേതനം 10 പൗണ്ടാക്കാമെന്ന വാഗ്ദാനം അടിസ്ഥാന വേതനം വര്‍ധിക്കുന്നത് നേഴ്സുമാരുള്‍പ്പെടെ തൊഴില്‍ സമൂഹത്തിന്റെ വേതന വര്‍ധനവിന് കാരണമാകും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന മലയാളി സമൂഹത്തിന് വളരെ ആശ്വാസം നല്‍കുന്നതാണ് യൂണിവേഴ്സിറ്റി പഠനം സൗജന്യമാക്കാമെന്ന ലേബറിന്റെ വാഗ്ദാനം.

യൂണിവേഴ്സിറ്റി ഫീസ് പകുതിയാക്കിയെങ്കില്‍പോലും മലയാളികളുള്‍പ്പെടുന്ന മധ്യവര്‍ഗ്ഗത്തിന് വളരെ ആശ്വാസകരമാണ്. ഒത്തിരിയേറെ ജനപ്രിയ വാഗ്ദാനങ്ങളും, സ്വപ്നങ്ങളും നിറഞ്ഞതാണ് ലേബറിന്റെ പ്രകടനപത്രിക. റോയല്‍ മെയിലിന്റെയും ഊര്‍ജ്ജവിതരണ കമ്പനികളുടെയും ദേശസാത്കരണവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയരാനും സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാനും ഒരു ലേബര്‍ ഗവണ്‍മെന്റ് തന്നെയാണ് അഭികാമ്യം.