ന്യൂസ് ഡെസ്ക്, മലയാളം യുകെ
2012-ൽ കെനിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടീഷ് മുൻസൈനികനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റോബർട്ട് ജെയിംസ് പർകിസ് (38) എന്ന മുൻസൈനികനെ നവംബർ 6-ന് വിൽഷെയറിലെ ടിഡ്വർത്തിൽ നാഷണൽ ക്രൈം ഏജൻസിയുടെ (NCA) പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. 21 വയസ്സുകാരിയായ ആഗ്നസ് വാൻജിറുവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയാണെന്ന് ഏജൻസി അറിയിച്ചു. പർകിസ് കുറ്റാരോപണം നിഷേധിച്ചിട്ടുണ്ടെന്നും നവംബർ 14-ന് വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കാണാതായതിനു ശേഷം മൂന്ന് മാസം കഴിഞ്ഞ് നായ്നുകി പട്ടണത്തിലെ ഒരു ഹോട്ടലിനു സമീപമുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് വാൻജിറുവിന്റെ മൃതദേഹം കണ്ടെത്തിയത്. അവൾക്ക് അന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. കൊലപാതകം നടന്ന രാത്രി അവൾ ബ്രിട്ടീഷ് സൈനികരോടൊപ്പം ഒരു ബാറിലുണ്ടായിരുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു . കേസ് തേച്ചുമായ്ക്കാൻ ബ്രിട്ടീഷ് സൈന്യവും കെനിയൻ അധികാരികളും വർഷങ്ങളായി ശ്രമിച്ചതായി വാൻജിറുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

2021-ൽ സൺഡേ ടൈംസ് നടത്തിയ അന്വേഷണത്തിൽ, ഒരു ബ്രിട്ടീഷ് സൈനികൻ സഹപ്രവർത്തകരോട് വാൻജിറുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചുവെന്ന വിവരം പുറത്തു വന്നതാണ് സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായത് . 2024-ൽ ബ്രിട്ടീഷ് സൈന്യം കെനിയയിലെ സൈനികരുടെ പെരുമാറ്റത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും, പ്രാദേശിക സ്ത്രീകളുമായി ലൈംഗിക ചൂഷണം ഉൾപ്പെടെ 35 കേസുകൾ കണ്ടെത്തുകയും ചെയ്തു. വാൻജിറുവിന്റെ കുടുംബം നീതി ലഭിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചെങ്കിലും, പ്രതിയെ കെനിയയിൽ വിചാരണ നേരിടാൻ അധികാരികൾ വേഗത്തിൽ ഇടപെടണമെന്ന് വാൻജിറുവിൻ്റെ കുടുംബം ആവശ്യപ്പെട്ടു.











Leave a Reply