ലണ്ടൻ ∙ ബ്രെക്സിറ്റിൻെറയും കോവിഡ് 19 വ്യാപിക്കുന്നതിൻെറയും പശ്ചാത്തലത്തിൽ നേഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ബ്രിട്ടനിലെത്തിക്കാൻ ഗവണ്മെന്റ് നടപടികൾ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർക്ക് യുകെയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇത് സാധ്യമാക്കും. കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും വേഗത്തിൽ ബ്രിട്ടനിലെത്തിക്കാനുള്ള ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനത്തിന്റെ ഗൈഡൻസ് ഹോം ഓഫിസ് പ്രസിദ്ധീകരിച്ചു. ബ്രെക്സിറ്റ് നിലവിൽ വരുന്ന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റെ ഭാഗമായാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഈ ഫാസ്റ്റ് ട്രാക്ക് വീസ. എന്നാൽ അതുവരെ കാത്തിരിക്കാതെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണു സർക്കാർ.
ഹെൽത്ത് ആൻഡ് കെയർ വീസയിൽ എത്തുന്ന ആരോഗ്യ പ്രവർത്തകരെ ഇമിഗ്രേഷൻ സർചാർജിൽനിന്നും ഒഴിവാക്കുമെന്നു ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചിരുന്നു. പുതിയ ഗൈഡൻസ് പ്രകാരം ഇവരുടെ ആശ്രിതർക്കും ഇമിഗ്രേഷൻ സർചാർജ് നൽകേണ്ടതില്ല. ഓരോ അപേക്ഷയ്ക്കും 624 പൗണ്ട് വീതം ഇത്തരത്തിൽ ലാഭിക്കാനാകും. നാലംഗ കുടുബത്തിന് പ്രതിവർഷം 2400 പൗണ്ട് ലാഭിക്കാമെന്നു ചുരുക്കം. ഫാസ്റ്റ് ട്രാക്ക് ഹെൽത്ത് ആൻഡ് കെയർ വീസയ്ക്ക് ഫീസും നേർപകുതിയായി കുറച്ചു. ഇത്തരം അപേക്ഷകളിന്മേൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനവും ഉണ്ടാകും.
ആരോഗ്യ പ്രവർത്തകരെ ഹെൽത്ത് സർചാർജിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി 2020 മാർച്ച് 31നു ശേഷം ഹെൽത്ത് സർചാർജ് അടച്ച നഴ്സുമാർ, ഡോക്ടർമാർ എന്നിവർക്കും അവരുടെ ഡിപ്പൻഡന്റുമാർക്കും അടച്ച തുക തിരികെ ലഭിക്കും. [email protected] എന്ന ഇമെയിൽ വിലാസത്തിൽ പേരും സ്പോൺസറുടെ പേരും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നമ്പരും ഐഎച്ച്എസ് നമ്പരും നൽകിയാൽ അടച്ച തുക തിരികെ ലഭിക്കും. ഇങ്ങനെ ലഭിക്കാത്തവർക്ക് [email protected] എന്ന വിലാസത്തിൽ ഒക്ടോബർ മുതൽ ആരംഭിക്കുന്ന മറ്റൊരു സ്കീമിലൂടെയും റീഫണ്ടിനായി ബന്ധപ്പെടാം.
പുതിയ ഗൈഡൻസ് പ്രകാരം 18 ജോലികളാണു ഹെൽത്ത് ആൻഡ് കെയർ വീസ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഴ്സ്, മിഡ് വൈഫ്, സോഷ്യൽ വർക്കർ, പാരാമെഡിക്സ്, ബയോളജിക്കൽ സയിന്റിസ്റ്റ്, ഫിസിക്കൽ സയിന്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷനർ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഓപ്താൽമിക് ഓപ്റ്റീഷ്യൻസ്, ഡെന്റൽ പ്രാക്ടീഷനർ, മെഡിക്കൽ റേഡിയോഗ്രാഫർ, പോഡിയാട്രിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ഓക്യൂപേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറപ്പിസ്റ്റ് എന്നിവരാണ് പുതിയ കാറ്റഗറിയിൽ ഉള്ളത്. വിശദാംശങ്ങൾ GOV.UK എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Leave a Reply