സ്വന്തം വീടിനു പരിസരത്ത് നിങ്ങള്‍ക്ക് എന്തും ചെയ്യാമെന്നാണ് കരുതുന്നത്? പല കാര്യങ്ങളും നിയമവിരുദ്ധമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്വന്തം ഗാര്‍ഡനില്‍ ചെയ്യുന്ന പല കാര്യങ്ങളും നിയമലംഘനമാണെന്നത് പലര്‍ക്കും അറിയില്ലെന്നാണ് പ്രോപ്പര്‍ട്ടി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രംപോളിന്‍ സ്ഥാപിക്കുന്നതില്‍ തുടങ്ങി മരങ്ങളുടെ കൊമ്പ് മുറിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ചെയ്യാനെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ഈ എട്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം.

1. മരക്കൊമ്പുകള്‍ മുറിക്കുമ്പോള്‍

അയല്‍ക്കാരുടെ ഗാര്‍ഡനില്‍ നിന്നുള്ള മരങ്ങളുടെ കൊമ്പുകള്‍ നമ്മുടെ ഗാര്‍ഡനിലേക്ക് നീളുന്നത് സ്വാഭാവികമാണ്. അവ മുറിച്ചു മാറ്റാന്‍ നമുക്ക് അവകാശവുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വളരെ സൂക്ഷിച്ചു വേണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. പ്രോപ്പര്‍ട്ടി ലൈനില്‍ വരെ മാത്രമേ കൊമ്പുകള്‍ മുറിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ളു. അതിനപ്പുറം കടന്നാല്‍ കടന്നുകയറ്റത്തിന് നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

2. മരത്തില്‍ നിന്ന് പൊഴിയുന്ന പഴങ്ങള്‍ എടുത്താല്‍

അയല്‍ക്കാരന്റെ മരത്തില്‍ നിന്ന് പഴങ്ങള്‍ നമ്മുടെ പറമ്പില്‍ വീണാല്‍ അത് നമ്മുടെയാണെന്ന് കരുതുന്ന മനോഭാവം യുകെയില്‍ നടപ്പാകില്ല. അയല്‍ക്കാരന്റെ മരത്തിലെ പഴത്തിന് അയാള്‍ക്ക് തന്നെയാണ് അവകാശമുള്ളത്. അവരുടെ അനുവാദമില്ലാതെ നമ്മുടെ ഗാര്‍ഡനില്‍ വീണ പഴമെടുത്താല്‍ ചിലപ്പോള്‍ നടപടി നേരിടേണ്ടതായി വന്നേക്കും.

3. മുറിച്ച മരക്കൊമ്പുകള്‍ സൂക്ഷിച്ചാല്‍

അയല്‍ക്കാരന്റെ ഗാര്‍ഡനിലെ മരങ്ങളിലെ കൊമ്പുകള്‍ മുറിക്കുന്നത് നിയമപരമാണ്. എന്നാല്‍ അവ നിങ്ങളുടെ ഗാര്‍ഡനില്‍ത്തന്നെ സൂക്ഷിച്ചാല്‍ അത് നിയമവിരുദ്ധമാകും. കാരണം അത്തരം വസ്തുക്കളുടെ ഉടമസ്ഥാവകാശം അയല്‍ക്കാരനു തന്നെയാണ്. അതേ സമയം ഈ മരക്കൊമ്പുകള്‍ അയല്‍ ഗാര്‍ഡനിലേക്ക് എറിയാനും കഴിയില്ല. അത്തരം സാഹചര്യങ്ങളില്‍ അനുവാദത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യുക.

4. സ്വാഭാവിക പ്രകാശം തടഞ്ഞാല്‍

ഗാര്‍ഡനില്‍ മരങ്ങള്‍ വെക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും നിബന്ധനകളുണ്ട്. അടുത്ത വീട്ടുകാര്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തിലാകണം മരങ്ങള്‍ വെക്കാന്‍. സ്വാഭാവിക സൂര്യപ്രകാശം 20 വര്‍ഷത്തേക്കെങ്കിലും തടയാത്ത വിധത്തിലായിരിക്കണം മരങ്ങള്‍ നടാനെന്നാണ് വ്യവസ്ഥ.

5. ബാര്‍ബിക്യൂ നടത്തിയാല്‍

സമ്മറില്‍ എല്ലാവരും ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്താറുണ്ട്. എന്നാല്‍ ഇത് അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടത്തണം. അവര്‍ക്ക് ശല്യമായി മാറിയാല്‍ പരാതിപ്പെടാനുള്ള സാധ്യതയേറെയാണ്. അതുകൂടാതെ ഫയര്‍ ഹസാര്‍ഡായി ബാര്‍ബിക്യൂ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

6. ഫെന്‍സ് മെയിന്റനന്‍സ്

അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് എന്നും കാരണക്കാരാകുന്നത് വേലികളാണല്ലോ. വീടുകളുടെ രണ്ട് വശത്തും ഫെന്‍സുകളുണ്ടെങ്കില്‍ പ്രോപ്പര്‍ട്ടിയുടെ വലതുവശത്തുള്ള ഫെന്‍സിന് മാത്രം നിങ്ങള്‍ ഉത്തരവാദികളായാല്‍ മതിയാകും. എന്നാല്‍ നിങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഫെന്‍സിനേക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതിനേക്കുറിച്ച് അറിയാന്‍ എച്ച്എം ലാന്‍ഡ് രജിസ്ട്രിയെ സമീപിക്കാവുന്നതാണ്.

7. ട്രംപോളിന്‍ സ്ഥാപിക്കുന്നത്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള ഒന്നാണ് ട്രംപോളിന്‍. എന്നാല്‍ ഇത് ശല്യമായി അയല്‍ക്കാരന് തോന്നാനുള്ള സാധ്യതകളും ഏറെയാണ്. ഫെന്‍സുകള്‍ക്കും ഹെഡ്ജുകള്‍ക്കും മുകളിലൂടെ ഒളിഞ്ഞുനോട്ടം നടക്കുകയാണെന്ന് അയല്‍ക്കാരന് തോന്നാനും പാടില്ല. അതുകൊണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന് ഇവ സ്ഥാപിക്കാതിരിക്കുകയും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേണം.

8. ഹോട്ട് ടബ് ഉപയോഗം

ഹോട്ട് ടബ്ബുകള്‍ നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും നല്‍കുക. എന്നാല്‍ പാര്‍ട്ടികളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടായാല്‍ അത് അയല്‍ക്കാര്‍ക്ക് ശല്യമായി തോന്നിയേക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്.