ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ക്വാറന്റൈൻ ലംഘിക്കുന്നവരിൽ നിന്ന് 10000 പൗണ്ട് (9.5 ലക്ഷം രൂപ ) ഈടാക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ നിർദേശം. ഇംഗ്ലണ്ടിൽ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസൻ ഈ നടപടി സ്വീകരിക്കുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ സെൽഫ് ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്. എന്നാൽ അത് പാലിക്കാത്തവരിൽ നിന്ന് 10000 പൗണ്ട് ഈടാക്കുമെന്ന് ജോൺസൻ അറിയിച്ചു. സെപ്റ്റംബർ 28 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ആദ്യ കുറ്റം ചെയ്യുന്നവർക്ക് 1000 പൗണ്ട് പിഴയും കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴത്തുക 10,000 ആയി ഉയരുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് മുന്നറിയിപ്പ് നൽകി. എല്ലാവരും നിയമങ്ങൾ പാലിക്കുകയാണെങ്കിൽ മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീടുകൾ തമ്മിലുള്ള കൂടിക്കാഴ്ച നിരോധിക്കുവാനും പബ്ബുകളുടെ പ്രവർത്തന സമയം ചുരുക്കാനും പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും കർശനമായി സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. എന്നാൽ ആളുകൾ ഇത് പാലിക്കാതെ വന്നത്തോടെയാണ് പിഴ ഇടക്കാനുള്ള തീരുമാനം കൈകൊണ്ടത്. ക്വാറന്റൈനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് ചികിത്സാ ആനുകൂല്യങ്ങൾക്ക് പുറമേ 500 പൗണ്ട് ആനുകൂല്യവും സർക്കാർ നൽകും. 500 പൗണ്ടിന്റെ ഒറ്റത്തവണ പേയ്മെന്റ്, ആഴ്ചയിൽ 95.85 പൗണ്ടിന്റെ ചികിത്സാ അനുകൂല്യത്തിന് പുറമെയാണ്.

നിലവിൽ, കേസുകൾ വർദ്ധിച്ച യുകെയിലെ വലിയ പ്രദേശങ്ങൾ കർശനമായ പ്രാദേശിക ലോക്ക്ഡൗണിലാണ് ഉള്ളത്. വർഷാവസാനത്തിനുമുമ്പ് ഒരു വാക്സിൻ തയ്യാറാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഹാൻ‌കോക്ക് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾ സുരക്ഷിതരായി തുടരേണ്ടതിന് ഇപ്പോൾ നിയമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഏർപ്പെടുത്തിയ പുതിയ പിഴയെ പിന്തുണയ്ക്കുന്നതായി ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. പുതിയ പിഴ വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയേക്കും.