ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ എത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കയിലേക്ക് നാടുകടത്താൻ ഉള്ള ബ്രിട്ടീഷ് സർക്കാരിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കഴിഞ്ഞദിവസം ബ്രിട്ടീഷ് കോടതി വിധി ഉണ്ടായതിന് പിന്നാലെ, ആഭ്യന്തര സെക്രട്ടറി സർക്കാർ തങ്ങളുടെ നയവുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച വ്യക്തമാക്കിയിരിക്കുകയാണ്. കോടതി വിധിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വ്യക്തമാക്കി. പദ്ധതി അധാർമികമാണെന്ന പ്രതികരണമാണ് ലേബർ പാർട്ടിയും മുന്നോട്ടുവെച്ചത്. എന്നാൽ ഇംഗ്ലീഷ് ചാനലിലൂടെയുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് സർക്കാർ ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നതാണെന്നും, ആ നയത്തിൽ തന്നെയാണ് തങ്ങൾ ഇപ്പോഴും തുടരുന്നതെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. വ്യാഴാഴ്ച കോടതി പുറപ്പെടുവിച്ച തീരുമാനം നിയമവാഴ്ചയുടെയും അടിസ്ഥാനനീതിയുടെയും ന്യായീകരണമാണെന്ന് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിച്ച ചാരിറ്റി സംഘടനയായ അസൈലം എയ്ഡ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലീഷ് ചാനലിലൂടെ ചെറിയ ബോട്ടുകളിലുള്ള ജനങ്ങളുടെ കുടിയേറ്റം തടയുവാനായുള്ള തീരുമാനത്തിന്റെ ഭാഗമായാണ് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ റുവണ്ടയിലേക്ക് അയക്കാനുള്ള പദ്ധതി ആദ്യമായി 2022 ഏപ്രിലിൽ സർക്കാർ അവതരിപ്പിച്ചത്. എന്നാൽ റുവാണ്ട സുരക്ഷിതമായ ഒരു മൂന്നാം ഇടമാണെന്ന് തെളിയിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്ന് കഴിഞ്ഞദിവസം കോർട്ട് ഓഫ് അപ്പീൽ നൽകിയ വിധിയിൽ വ്യക്തമാക്കുന്നുണ്ട്. റുവാണ്ടയിലേക്ക് അയയ്‌ക്കുന്ന അഭയാർഥികളെ പിന്നീട് അവർ യഥാർത്ഥത്തിൽ പലായനം ചെയ്‌ത രാജ്യത്തേക്ക് തന്നെ നിർബന്ധിച്ച് തിരിച്ചയക്കാനുള്ള സാധ്യതയുണ്ടെന്ന് കേസ് കേട്ട മൂന്ന് ജഡ്ജിമാരിൽ രണ്ടുപേരും വിലയിരുത്തി. ഇതിനർത്ഥം യുകെ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ നയം ജനങ്ങളെ പീഡനത്തിൽ നിന്ന് സംരക്ഷിക്കുന്ന യൂറോപ്യൻ മനുഷ്യാവകാശ ഉടമ്പടിക്ക് വിരുദ്ധമായി മാറുമെന്നും കോടതി കണ്ടെത്തി.

എന്നാൽ ഇത്തരമൊരു കോടതി തീരുമാനത്തിന്റെ അർത്ഥം റുവാണ്ട സുരക്ഷിതമല്ല എന്നതല്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. കോടതി വിധിയെ താൻ മാനിക്കുന്നുവെന്നും എന്നാൽ വിധി നിരാശാജനകമാണെന്നും സർക്കാർ അതിനെതിരെ അപ്പീൽ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി എംപിമാരോട് പറഞ്ഞു. സർക്കാരിന്റെ റുവാണ്ട നയം തികച്ചും അധാർമികവും ചിലവേറിയതും നടക്കാത്തതുമാണെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മുഖം നിയമവിരുദ്ധരും കള്ളക്കടത്തുകാരുമെല്ലാം ചൂഷണം ചെയ്യുന്നുണ്ടെന്നും അതിനാൽ തന്നെ സർക്കാരിന്റെ ഈ നടപടി ആവശ്യമാണെന്നുമാണ് ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചത്.