ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ 242 പേരിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ്-ഇന്ത്യൻ യുവാവ് വിശ്വാസ് കുമാർ രമേഷ് (39) ഇപ്പോൾ കടുത്ത മാനസിക-ശാരീരിക പ്രശ്നങ്ങളിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. “ലോകത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനാണെന്ന് പറയുമ്പോഴും . ശരീരവും മനസ്സും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. അപകടസമയത്ത് എമർജൻസി എക്‌സിറ്റിന് സമീപം ഇരുന്നിരുന്നതാണ് അദ്ദേഹത്തെ മരണത്തിൽ നിന്ന് രക്ഷിച്ചത്. സഹോദരൻ അജയ് കുമാർ ദുരന്തത്തിൽ മരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിൽ ചികിത്സയ്ക്കു ശേഷം സെപ്റ്റംബർ 15-ന് യുകെയിലേക്ക് മടങ്ങിയ വിശ്വാസ് കുമാറിന് ഇപ്പോഴും എൻ.എച്ച്.എസ്. വഴി മാനസികാരോഗ്യ ചികിത്സ ലഭിക്കാത്തത് ഗുരുതരമായ അവസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു. ഇന്ത്യയിൽ ചികിത്സക്കിടെ അദ്ദേഹത്തിന് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) സ്ഥിരീകരിച്ചിരുന്നുവെങ്കിലും യുകെയിൽ എത്തിയതിന് ശേക്ഷം ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. “ഞാൻ ഇപ്പോൾ മുറിയിലൊറ്റയ്ക്കാണ്. ഭാര്യയോടോ മകനോടോ സംസാരിക്കാറില്ല. രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്നു,” എന്ന് വിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. കാലിനും തോളിനും കാൽമുട്ടിനും വേദന തുടരുന്നുവെന്നും, ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ശേഷം ദിയുവിൽ സഹോദരനൊപ്പം നടത്തിയിരുന്ന കുടുംബത്തിന്റെ മത്സ്യബന്ധന ബിസിനസും തകർന്നതായി കുടുംബം അറിയിച്ചു. എയർ ഇന്ത്യ ₹25 ലക്ഷം (21,500 പൗണ്ട്) ഇടക്കാല നഷ്ടപരിഹാരം നൽകിയെങ്കിലും, അത് “അടിയന്തര ആവശ്യങ്ങൾക്കുപോലും പര്യാപ്തമല്ല” എന്ന് കുടുംബത്തിന്റെ വക്താവ് പറഞ്ഞു. മൂന്ന് തവണ എയർ ഇന്ത്യയുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും, കമ്പനി പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചു.