ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യുകെ പൊതുതിരഞ്ഞടുപ്പ് പ്രചാരണത്തിൽ ഇടപെടരുതെന്ന് ഹിന്ദു ദേശീയ പാർട്ടിക്ക് ബ്രിട്ടീഷ് ഇന്ത്യക്കാരുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ ഭരണകക്ഷിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ് തങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബ്രിട്ടനിലെ ഇന്ത്യക്കാർ പറയുന്നു. കഴിഞ്ഞയാഴ്ച, ഇന്ത്യയുടെ ഭരണകക്ഷിയായ ഹിന്ദു ദേശീയ പാർട്ടിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ്, 48 സീറ്റുകളിൽ ടോറികൾക്കായി പ്രചാരണം നടത്തുകയുണ്ടായി. ലേബർ പാർട്ടിക്കെതിരെ വോട്ടുചെയ്യാൻ പ്രേരിപ്പിച്ച് ബ്രിട്ടീഷ് ഹിന്ദുക്കൾക്കിടയിൽ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു. യുകെയിൽ ഗുജറാത്തി ഹിന്ദുക്കൾ കൂടുതലുള്ള വടക്ക്-പടിഞ്ഞാറൻ ലണ്ടൻ നഗരപ്രാന്തമായ ഹാരോയിലെ ആളുകൾ, യുകെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന ഇടപെടലിനെ വിമർശിച്ചു.’ അവർ ഇവിടുത്തെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല.’ 67 കാരനായ സുരേഷ് മോർജാരിയ പറഞ്ഞു. ഇന്ത്യയിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്നും എന്നാൽ ഇത് മറ്റൊരു രാജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011 ലെ സെൻസസ് അനുസരിച്ച് ഹാരോ പ്രദേശത്തെ ജനസംഖ്യയുടെ 26.4% ബ്രിട്ടീഷ് ഇന്ത്യക്കാരാണെന്നതിനാൽ, ബിജെപി വ്യക്തമായി ലക്ഷ്യമിടുന്ന പ്രദേശം കൂടിയാണിത്. എന്നാൽ അവിടുത്തെ ഒട്ടുമിക്ക എല്ലാവരും ബിജെപിയുടെ ഗ്രൂപ്പിന്റെ ഇടപെടലിനെ വിമർശിക്കുകയാണ് ചെയ്തത്. “ഇത് തെറ്റാണ്,” 34 കാരനായ കമലേഷ് നായി പറഞ്ഞു. ബിജെപി സപ്പോർട്ട് ഗ്രൂപ്പിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ജനങ്ങൾ ആശങ്കാകുലരാണ്. മുതിർന്നവരെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നതെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി. വംശീയമോ മതപരമോ ആയ വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് 78കാരിയായ സൈറ അൻവർ പറഞ്ഞു. ആളുകൾ സ്വയം ചിന്തിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അതിനാൽ തന്നെ ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് അവർ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.
Leave a Reply