അടുത്ത ജനറേഷന്‍ മൊബൈല്‍ സേവനമായ 5ജി സേവനങ്ങള്‍ യുകെയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായിത്തുടങ്ങി. വോഡഫോണ്‍ ആണ് യുകെയില്‍ ആദ്യമായി പൂര്‍ണ്ണ തോതില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാല്‍ഫോര്‍ഡിലെ ബിസിനസുകള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് യുകെ സിറ്റികളിലേക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ആദ്യപടിയായി നല്‍കും. ഭാവിയുടെ ടെക്‌നോളജി എന്ന പേരില്‍ അറിയപ്പെടുന്ന 5ജിയില്‍ നിന്ന് ഉപഭോക്താവിന് എന്തൊക്കെയായിരിക്കും ലഭിക്കുക എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

പുതിയ സാങ്കേതികത അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ എന്തൊക്കെ അഭ്യാസപ്രകടനങ്ങളായിരിക്കും കാഴ്ചവെക്കുക എന്നതാണ് മറ്റൊരു ചോദ്യം. 5ജി വേവ്‌ലെങ്തുകളുടെ ലേലത്തില്‍ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനികള്‍ ചെലവഴിച്ചിരിക്കുന്നത്. ഈ വന്‍തുക തിരിച്ചു പിടിക്കാന്‍ ഉപഭോക്താക്കളെ പിഴിയേണ്ടി വരും. യുകെയില്‍ ആദ്യമായി ഹോളോഗ്രാഫിക് കോളുകള്‍ അവതരിപ്പിക്കാന്‍ ഈ സ്‌പെക്ട്രം വോഡഫോണ്‍ സെപ്റ്റംബറില്‍ ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ടീമിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ക്യാപ്റ്റനായ സ്റ്റെഫ് ഹൂട്ടന്‍ ഒരു 11കാരിക്ക് ഹോളോഗ്രാം കോളിലൂടെ ഫുട്‌ബോള്‍ ടിപ്പുകള്‍ പറഞ്ഞു കൊടുത്തുകൊണ്ടാണ് ഇതിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയത്.

ഇത്തരം ഹോളോഗ്രാഫിക് കോളുകള്‍ മാത്രമല്ല, അതിവേഗ ഇന്റര്‍നെറ്റാണ് 5ജി നല്‍കുന്ന മറ്റൊരു സൗകര്യം. 4ജിയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു മിനിറ്റ് എടുക്കുന്ന വീഡിയോ 5ജിയില്‍ ഒരു സെക്കന്‍ഡില്‍ ലഭിക്കും. നാലാം തലമുറയേക്കാള്‍ 100 ഇരട്ടി വേഗതയാണ് 5ജിയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഉപയോഗം ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലായിരിക്കും പ്രധാനമായും ലഭിക്കുക. ഡിവൈസുകള്‍ തമ്മില്‍ കണക്ട് ചെയ്യാനും മറ്റും 5ജി ഉപകാരപ്പെടും. ഈ സാങ്കേതിക വിദ്യയിലൂടെ പാല്‍ തീര്‍ന്നാല്‍ അത് തിരിച്ചറിഞ്ഞ് ഫ്രിഡജുകള്‍ അത് ഓര്‍ഡര്‍ ചെയ്യും. ഡ്രൈവര്‍ലെസ് കാറുകള്‍ക്ക് കൂടുതല്‍ വേഗതയില്‍ നിര്‍ണ്ണയങ്ങള്‍ നടത്താനും ഡെലിവറി ഡ്രോണുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിയും.