2015ല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന് ഐസിസില്‍ ചേര്‍ന്ന ബ്രിട്ടീഷ് സ്‌കൂള്‍ കുട്ടി ഷമീമ ബീഗത്തിന് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണം! ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീമ ഇക്കാര്യം അറിയിച്ചത്. മൂന്ന് പെണ്‍കുട്ടികളാണ് 2015ല്‍ സിറിയയിലേക്ക് കടന്നത്. ഇപ്പോള്‍ 19 വയസുള്ള ഷമീമ 9 മാസം ഗര്‍ഭിണിയാണ്. കുട്ടിക്ക് ജന്മം നല്‍കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവളുടെ ആഗ്രഹം. അതേസമയം തീവ്രവാദി സംഘത്തില്‍ ചേര്‍ന്നതില്‍ തനിക്ക് ഖേദമില്ലെന്നും ഷമീമ പറഞ്ഞു. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ വെച്ചാണ് ടൈംസുമായി ഷമീമ സംസാരിച്ചത്. നേരത്തേ താന്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നുവെന്നും രണ്ടു കുട്ടികളും മരിച്ചെന്നും ഷമീമ പറഞ്ഞു. തനിക്കൊപ്പം എത്തിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ലെന്നും ഷമീമ വ്യക്തമാക്കി. ഛേദിക്കപ്പെട്ട ശിരസുകള്‍ ബിന്നുകളില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്നും അവള്‍ പറയുന്നു.

ബെത്ത്‌നാള്‍ ഗ്രീന്‍ അക്കാഡമി വിദ്യാര്‍ത്ഥിനികളായിരുന്ന ഷമീമ ബീഗം, അമീറ അബേസ് എന്നിവര്‍ക്ക് സിറിയയിലേക്ക് പോകുമ്പോള്‍ 15 വയസായിരുന്നു പ്രായം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഖദീജ സുല്‍ത്താനയ്ക്ക് 16 വയസും. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലേക്കാണ് ഇവര്‍ ആദ്യം പോയത്. പിന്നീട് ഇവിടെ നിന്ന് അതിര്‍ത്തി കടന്ന് സിറിയയിലെത്തി. റഖയിലെത്തിയപ്പോള്‍ ഐസിസ് വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ഇവര്‍ താമസിച്ചത്.20-25 വയസുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് താന്‍ അപേക്ഷിച്ചതെന്ന് ഷമീമ പറഞ്ഞു. പത്തു ദിവസത്തിനു ശേഷം 27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയെത്തിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചു. ഇയാള്‍ക്കൊപ്പമാണ് പിന്നീട് താന്‍ കഴിയുന്നതെന്നും കിഴക്കന്‍ സിറിയയില്‍ ഐസിസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രണ്ടാഴ്ച മുമ്പ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷമീമ വ്യക്തമാക്കി.

സിറിയന്‍ പോരാളികളുടെ ഒരു സംഘത്തിനു മുന്നില്‍ തന്റെ ഭര്‍ത്താവ് കീഴടങ്ങി. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലാണ് ഇവള്‍ താമസിക്കുന്നത്. 39,000ത്തോളം അഭയാര്‍ത്ഥികളാണ് ഈ ക്യാംപിലുള്ളത്. റഖയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ സാധാരണ ജീവിതമായിരുന്നു അവിടെ തങ്ങള്‍ നയിച്ചിരുന്നതെന്ന മറുപടിയാണ് ഷമീമ നല്‍കിയത്. ഒരു തടവുകാരന്റെ തല ഛേദിക്കപ്പെട്ട നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് ഇസ്ലാമിന്റെ ശത്രുവിന്റെ തലയായിരുന്നു. ഒരു മുസ്ലീം സ്ത്രീയോട് അയാള്‍ എന്തു ചെയ്യുമായിരുന്നു എന്നു മാത്രമാണ് അപ്പോള്‍ താന്‍ ചിന്തിച്ചതെന്നും ഷമീമ പറഞ്ഞു.