ലണ്ടന്‍: എച്ച്‌ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന്‍ സ്വദേശി. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അണുബാധയാണ് എയിഡ്‌സ് രോഗാണുവാണ് എച്ച്‌ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്‌ഐവി പൊസിറ്റീവായ ആള്‍ രോഗമുക്തി നേടിയതെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറും എച്ച്‌ഐവി വിദഗ്ദ്ധനുമായ ഡോ.രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്.

ഇതോടെ എച്ച്‌ഐവി ബാധയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഇയാള്‍. അമേരിക്കക്കാരനായ തിമോത്തി ബ്രൗണ്‍ ആണ് എച്ച്‌ഐവിയില്‍ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2007ല്‍ ജര്‍മനിയില്‍ വെച്ച് നടത്തിയ ചികിത്സയിലാണ് തിമോത്തി ബ്രൗണ്‍ രോഗമുക്തി നേടിയത്. ബെര്‍ലിന്‍ പേഷ്യന്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലണ്ടന്‍ സ്വദേശിയായ രോഗിയില്‍ നടത്തിയത് സ്‌റ്റെം സെല്‍ ചികിത്സയായിരുന്നു. അപൂര്‍വ്വ ജനിതക മാറ്റത്തിലൂടെ എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിച്ച ദാതാവിന്റെ മജ്ജയുടെ വിത്തുകോശങ്ങളാണ് ഇയാളില്‍ ഉപയോഗിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈറസിനെതിരായുള്ള ചികിത്സകളും ഇതിനൊപ്പം തുടര്‍ന്നു. 18 മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ രോഗിയില്‍ എച്ച്‌ഐവി ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോ.രവീന്ദ്ര ഗുപ്ത പറഞ്ഞു. 2016ലാണ് എച്ച്‌ഐവി പ്രതിരോധമുള്ള ഒരു വിത്തുകോശ ദാതാവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മജ്ജ മാറ്റിവെക്കല്‍ നടത്തിയതോടെ രോഗി എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിക്കുകയായിരുന്നു. 2003ല്‍ എച്ച്‌ഐവി ബാധിതനായ ഈ രോഗിക്ക് 2012ല്‍ രക്താര്‍ബുദവും സ്ഥിരീകരിച്ചിരുന്നു.