ജിപി സര്‍ജറികളില്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രോഗനിര്‍ണ്ണയം മൂന്നാഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നടപടി. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും സ്ഥാപിക്കുന്ന മൊബൈല്‍ യൂണിറ്റുകളിലൂടെ സിടി, എംആര്‍ഐ സ്‌കാനിംഗ് സൗകര്യവും രോഗികള്‍ക്ക് ലഭ്യമാകും. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗനിര്‍ണ്ണയ സംവിധാനങ്ങളുടെ സേവനം ലഭിക്കും. ഗുരുതര രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ താമസം നേരിടുന്നുവെന്ന കുപ്രസിദ്ധി രാജ്യത്തിന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. 10 വര്‍ഷം നീളുന്ന പദ്ധതിയാണ് ഇതിനായി എന്‍എച്ച്എസ് തയ്യാറാക്കിയിരിക്കുന്നത്.

ബ്രെസ്റ്റ് ക്യാന്‍സര്‍, വന്‍കുടല്‍, പ്രോസ്‌റ്റേറ്റ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് പദ്ധതിയില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് റഫര്‍ ചെയ്യുന്ന കാലതാമസമുള്‍പ്പെടെ പരിഹരിക്കാന്‍ അടിയന്തര ടെസ്റ്റുകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘സ്‌കാന്‍ ഫസ്റ്റ് ആസ്‌ക് ക്വസ്റ്റ്യന്‍സ് ലേറ്റര്‍’ എന്ന സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പ്രാഥമികമായി നടത്തുന്ന ഇത്തരം പരിശോധനകള്‍ക്കു ശേഷമാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.

നിലവില്‍ ക്യാന്‍സര്‍ സംശയങ്ങളുമായെത്തുന്ന രോഗികളില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ശരാശരി 62 ദിവസങ്ങള്‍ എടുക്കാറുണ്ട്. ഇക്കാലമത്രയും രോഗികള്‍ ആശങ്കയില്‍ കഴിയേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. ഈ കാലയളവില്‍ രോഗം കൂടുതല്‍ പടരുകയും ചെയ്‌തേക്കാം. എന്‍എച്ച്എസിന്റെ ഈ പദ്ധതിയേക്കുറിച്ച് ഹെല്‍ത്ത് സെക്രട്ടറി ഇന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വിശദീകരിക്കും.