ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദുബായിൽ ഇറാൻ മിസൈലുകൾ ആകാശത്ത് പറക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്നാരോപിച്ച് 60-കാരനായ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിക്കെതിരെ സൈബർ കുറ്റകൃത്യ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. യുഎഇയിൽ പൊതുസുരക്ഷയെ ബാധിക്കാവുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടന്റെ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ കുടുംബത്തിന് സഹായം നൽകുന്നുണ്ടെന്നാണ് വിവരം.

ദുബായിൽ നിയമസഹായം നൽകുന്ന “ഡിറ്റെയിൻഡ് ഇൻ ദുബായ്” എന്ന സംഘടനയുടെ മേധാവി റാധാ സ്റ്റർലിംഗ് പറയുന്നതനുസരിച്ച്, അടുത്തിടെ നടന്ന മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് എടുത്ത വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാരണം 21 പേർക്കെതിരെ യുഎഇയുടെ സൈബർ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്റെ ഫോണിൽ ഇറാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതായും അവർ പറഞ്ഞു. എന്നാൽ കേസിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ വ്യക്തതയില്ലാത്തതാണെന്നും ചാർജ് ഷീറ്റിൽ വ്യക്തമായ വിശദാംശങ്ങൾ ഇല്ലെന്നും സ്റ്റർലിംഗ് ആരോപിച്ചു.

ഇതിനിടെ യുഎഇ മന്ത്രി ലാന നുസൈബെ സംഭവത്തെ കുറിച്ച് ചില നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അറിയാമെങ്കിലും എല്ലാ വിശദാംശങ്ങളും വ്യക്തമല്ല എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിയമനടപടികൾ പ്രകാരം കേസ് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, മധ്യപൂർവദേശത്ത് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം തുടരുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങൾ കാരണം യുഎഇയിലെ ചില പ്രധാന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .











Leave a Reply