ലണ്ടന്‍: ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥയില്‍ പ്രതിഷേധിച്ച് ബ്രെക്‌സിറ്റ് അുകൂലികള്‍ റോഡ് തടസപ്പെടുത്തി നടത്തിയ സമരപരിപാടി പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഗതാഗതം തടസപ്പെടുത്തി പ്രതിഷേധിക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. ഇതനുസരിച്ച് നൂറോളം ട്രെക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ റോഡുകള്‍ തടസപ്പെടുത്താനായി തയ്യാറെടുത്തിരുന്നു. എന്നാല്‍ റോഡില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികളുമായി മുന്നോട്ടു വന്നതോടെ സമരം ‘നനഞ്ഞ പടക്കം’ പോലെയായി മാറിയെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെ ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ബ്രെക്സിറ്റ് അനുകൂല സംഘടനയുടെ തീരുമാനം. ബ്രെക്‌സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിച്ചായിരുന്നു പ്രതിഷേധാഹ്വാനം. ബ്രെക്‌സിറ്റ് ഡയറക്ട് ആക്ഷന്‍ എന്നാണ് ബ്രെക്‌സിറ്റ് ബ്ലോക്ക് പരിപാടിക്ക് രൂപം നല്‍കിയ സംഘടനയുടെ പേര്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനായിരുന്നു പദ്ധതി. ബ്രെക്‌സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.

ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്ന് കോമണ്‍സ് പ്രമേയം പാസാക്കിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഇന്നലെ ദിവസം പ്രധാന ഹൈവേകളായ M1, M6 M25, M62, M1, A55, M5, M4, M42, M55, M61, A66 തുടങ്ങിവ തടയുമെന്ന പ്രഖ്യാപിച്ചു. എന്നാല്‍ സമരം പ്രതീക്ഷിച്ച പ്രകാരം പ്രാവര്‍ത്തികമാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ല. സമരം നടക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതോടെ സമരം ‘പാളിയെന്ന്’ സോഷ്യല്‍ മീഡിയയില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നു. ബ്രിട്ടന്റെ ആവശ്യമനുസരിച്ച് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നേരിട്ടുള്ള ആക്ഷനും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ ഇതിന് അംഗീകാരം നല്‍കിയതോടെ പ്രത്യക്ഷ സമരം ആരംഭിക്കാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.