സ്വന്തം ലേഖകൻ
റഷ്യയുടെ പ്രകോപനത്തെ നേരിടാൻ ബ്രിട്ടീഷ് മിലിട്ടറിയും നേറ്റോയും ചേർത്ത് സംയുക്ത സൈനിക വിന്യാസം ആരംഭിച്ചു. അയൽ രാജ്യങ്ങളെ സൈനിക ശക്തി കാട്ടി റഷ്യ വിരട്ടുന്നതു തടയാനാണ് പുതിയ നീക്കം. ഇതി൯െറ ഭാഗമായി നൂറു കണക്കിന് സൈനികരും ടാങ്കുകളും കവചിത വാഹനങ്ങളും ബ്രിട്ടണിൽ നിന്നും ബാൽട്ടിക് സ്റ്റേറ്റുകളിൽ എത്തി. ശീതയുദ്ധം അവസാനിച്ചതിനു ശേഷം മോസ്കോയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് യൂറോപ്പ് സാക്ഷൃം വഹിക്കുന്നത്. 120 സൈനികർ വെള്ളിയാഴ്ച എസ്റ്റോണിയയിൽ എത്തി. അടുത്ത മാസത്തോടെ 800 പേർ കൂടി വിന്യസിക്കപ്പെടും.
യൂറോപ്പി൯െറ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് യു കെ ഡിഫൻസ് സെക്രട്ടറി മൈക്കൽ ഫാലൻ പറഞ്ഞു. എസ്റ്റോണിയയും ബ്രിട്ടനും ചരിത്രപരമായി സൈനിക സഹകരണം തുടരുന്ന രാജ്യങ്ങളാണ്. ലാത്വിയ, ലിത്വേനിയ എന്നീ രാജ്യങ്ങളിലും അതിർത്തി പ്രതിരോധം ശക്തമാക്കുന്നുണ്ട്.150 ഓളം സൈനികരെ പോളണ്ടിലേയ്ക്ക് അയയ്ക്കും. ഫ്രഞ്ച്, ഡാനിഷ് സൈനികരും ഈ മേഖലയിൽ എത്തിയിട്ടുണ്ട്. എസ്റ്റോണിയയിൽ എത്തിയ ബ്രിട്ടീഷ് ട്രൂപ്പുകളെ ഡിഫൻസ് മിനിസ്റ്റർ സ്വീകരിച്ചു. യൂറോപ്പ് അതിർത്തിയിലെ സൈനിക നീക്കങ്ങൾ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.