ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടന്റെ ആരോഗ്യ മേഖലയിൽ മൂന്ന് വൈറസുകളാണ് ചർച്ചാവിഷയം. ഒന്നാമത്തേതായ കൊറോണ വൈറസ് മൂലം അനുദിന കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ് . രണ്ടാമത്തെ വൈറസ് മങ്കി പോക്സ് രോഗത്തിന്റേതാണ് . ഏറ്റവും പുതിയതായി ലണ്ടനിൽ കണ്ടെത്തിയ പോളിയോ രോഗത്തിൻറെ വൈറസും കടുത്ത തലവേദനയാണ് ആരോഗ്യവിദഗ്ധർക്ക് ഉണ്ടാക്കിയിരിക്കുന്നത് .


മറ്റ് രണ്ട് വൈറസുകളെ അപേക്ഷിച്ച് മങ്കി പോക്സ് വൈറസിന് ഫലപ്രദമായ പ്രതിരോധ മരുന്ന് ഇപ്പോഴും നിലവിൽ ലഭ്യമല്ല. 2018 – ൽ മങ്കി പോക്സ് രോഗം റിപ്പോർട്ട് ചെയ്തതിനുശേഷം വൈറസിന് പന്ത്രണ്ടോളം ജനിതക വകഭേദങ്ങൾ വന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ജനിതക മാറ്റം വന്ന ഏറ്റവും പുതിയ വകഭേദത്തിന് നേരത്തെയുള്ളവയേക്കാൾ വ്യാപന ശേഷിയും കൂടുതലാണ്. നിലവിൽ 50 രാജ്യങ്ങളിലായി 3500 -ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ 452 പേർക്കാണ് ബ്രിട്ടനിൽ മങ്കി പോക്സ് സ്ഥിതീകരിച്ചിരിക്കുന്നത് .

1970 കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003 ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.