ലണ്ടന്‍: വ്യാപാരക്കരാര്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തേക്കു പോയാല്‍ വാഹന റിപ്പയറിംഗ് ചെലവുകള്‍ വര്‍ദ്ധിക്കുമെന്ന് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സിന്റെ മുന്നറിയിപ്പ്. ഹാര്‍ഡ് ബ്രെക്‌സിറ്റ് മൂലം യുകെയിലെ കാര്‍ റിപ്പയര്‍ ബില്ലുകളുടെ മൊത്തം മൂല്യം 2 ബില്യന്‍ പൗണ്ട് ആയി ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങള്‍ തങ്ങളുടെ വ്യവസായ മേഖലയില്‍ ഏതു വിധത്തിലായിരിക്കും പ്രതിഫലിക്കുകയെന്ന് വിവിധ വ്യവസായ ഗ്രൂപ്പുകള്‍ വിശകലനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് എസ്എംഎംടിയും ഈ കണക്ക് പുറത്തുവിട്ടത്.

ആണവമേഖലയിലുണ്ടാകാനിടയുള്ള പ്രതിസന്ധി മുതല്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വരെ വിലയിരുത്തിക്കഴിഞ്ഞു. യൂറോപ്യന്‍ ജീവനക്കാരുടെ സേവനം ലഭ്യമായില്ലെങ്കില്‍ ബ്രിട്ടീഷ് സ്‌ട്രോബെറിയുടെ വില ഉയരുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇടക്കാല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും അംഗത്വം നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ വാര്‍ഷിക കാര്‍ റിപ്പയറിംഗ് ബില്ലുകള്‍ ഉയരുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന ആവശ്യമാണ് എസ്എംഎംടി ഉയര്‍ത്തുന്നത്.

ഹാര്‍ഡ് ബ്രെക്‌സിറ്റ് ആണെങ്കില്‍ ലോക വ്യാപാര സംഘടനയുടെ താരിഫുകള്‍ യുകെ പിന്തുടരേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന കാര്‍ പാര്‍ട്ടുകള്‍ക്ക് 2.5 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ് വ്യാപാര സംഘടനയുടെ താരിഫ്. ഇത് ശരാശരി കാര്‍ ഉടമയ്ക്ക് 21 പൗണ്ട് അധികച്ചെലവ് കൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്.