ന്യൂസ് ഡെസ്ക്
ബ്രെക്സിറ്റ് നടപ്പായാലുടൻ പഴയ പ്രതാപത്തിലേക്ക് ബ്രിട്ടീഷ് പാസ്പോർട്ടിനെ മടക്കിക്കൊണ്ടുവരാൻ ഹോം ഓഫീസ് നടപടികൾ ആരംഭിച്ചു. നിലവിൽ യൂറോപ്യൻ യൂണിയന്റെ എംബ്ളത്തോടു കൂടിയ ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട് നീല നിറമായി മാറും. യൂറോപ്യൻ യൂണിയന്റെ എംബ്ളം പുതിയതായി നടപ്പാക്കുന്ന പാസ്പോർട്ടിൽ നിന്ന് നീക്കപ്പെടും. യുകെയിൽ കഴിഞ്ഞ മുപ്പതു വർഷത്തോളമായി ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടാണ് ഉപയോഗത്തിലിരിക്കുന്നത്. അതിനു മുമ്പ് നൂറ് വർഷത്തോളം നീല നിറത്തിലുള്ള പാസ്പോർട്ട് ആണ് ബ്രിട്ടൻ ഉപയോഗിച്ചിരുന്നത്. സമ്പൂർണമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് പുതിയ പാസ്പോർട്ട് പുറത്തിറക്കുന്നത്.
ഇമിഗ്രേഷൻ മിനിസ്റ്റർ മാർട്ടിൻ ലൂയിസാണ് പുതിയ പാസ്പോർട്ട് നിലവിൽ വരുന്ന കാര്യം പുറത്തു വിട്ടത്. 2019 മാർച്ചിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരുമെങ്കിലും തുടർന്നും ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടായിരിക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പുതുക്കുന്നവർക്കും നല്കുന്നത്. എന്നാൽ അതിൽ യൂറോപ്യൻ യൂണിയന്റെ യാതൊരു റഫറൻസും ഉണ്ടാവില്ല. 2019 ഒക്ടോബർ മുതൽ നല്കപ്പെടുന്ന പാസ്പോർട്ടുകൾ നീല നിറത്തിലുള്ളതായിരിക്കും. ബർഗണ്ടി കളറിലുള്ള പാസ്പോർട്ട് ഉള്ളവർക്ക് അവയുടെ പുതുക്കൽ തീയതി വരെ നിലവിലുള്ള പാസ്പോർട്ട് ഉപയോഗിക്കാവുന്നതാണ്.
നിലവിൽ ഇന്ത്യയsക്കം 76 രാജ്യങ്ങളിൽ നീല നിറത്തിലുള്ള പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, അമേരിക്ക, ക്യാനഡ തുടങ്ങി മിക്ക കോമൺവെൽത്ത് രാജ്യങ്ങളിലും നീല നിറത്തിലുള്ള പാസ്പോർട്ടാണ് നിലവിലുള്ളത്. യൂറോപ്യൻ യൂണിയനിൽ നിന്ന് സ്വതന്ത്രമാകുന്ന അവസരം നമ്മുടെ ദേശീയത ഉയർത്തിക്കാട്ടാനുള്ള അവസരമാണെന്നും അതിന്റെ പ്രതീകമായി പുതിയ പാസ്പോർട്ട് നടപ്പിലാക്കുന്നത് തികച്ചും ഉചിതമാണെന്നും മാർട്ടിൻ ലൂയിസ് പറഞ്ഞു. ഇതിന്റെ അച്ചടിക്കായി പുതിയ കോൺട്രാക്ട് ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.











Leave a Reply